അന്ധാധുന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ മലയാളം റീ മെയ്ക്ക് ആണ് ഭ്രമം. ആയുഷ്മാന്‍ ഖുറാന, തബു, രാധിക ആപ്‌തെ എന്നിവരഭിനയിച്ച് ശ്രീ റാം രാഘവന്‍ സംവിധാനം ചെയ്തചിത്രം നല്ല അനുഭവമാണ് നല്‍കിയത്. അതുകൊണ്ട് തന്നെ ആ കഥ ഭ്രമമായെത്തുമ്പോള്‍ പ്രേക്ഷകരും കാത്തിരിപ്പിലായിരുന്നു.
പൃഥ്വിരാജ് മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന ഉണ്ണിമുകുന്ദന്‍ എന്നിവരെ വെച്ചാണ് രവി കെ ചന്ദ്രന്‍ ചിത്രം സംവിധാനം ചെയ്തത്. അന്ധാധുന്‍ എന്ന ചിത്രം കണ്ടവരെ സംബന്ധിച്ച് വലിയ നിരാശയായിരിക്കും ആമസോണിലൂടെ റിലീസ് ചെയ്ത ഭ്രമം. കാരണം ഹിന്ദി പശ്ചാതലത്തില്‍ ഒരുക്കിയ കഥയാണ് അന്ധാധുന്‍. കഥാപാത്ര നിര്‍മ്മിതി, കഥ നടക്കുന്ന പശ്ചാതലം തുടങ്ങീ ചിത്രത്തിലെ ഓരോ ഫ്രെയ്മിലും അത്തരം കള്‍ച്ചര്‍ കൊണ്ടു വന്ന ചിത്രം അതേപോലെ തന്നെ മലയാളത്തിലേക്ക് മൊഴി മാറ്റി എത്തിയ അനുഭവമാണ് ചിത്രം നല്‍കിയത്. കാസ്റ്റിംഗിലെ പൂര്‍ണ്ണതയും ചിത്രത്തിന്റെ മെയ്ക്കിംഗിലെ ചടുലതയും കൊണ്ടാണ് അന്ധാധുന്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയതെങ്കില്‍ ഭ്രമത്തിലേക്ക് കൊണ്ടു വരുമ്പോള്‍ ഈ പൂര്‍ണ്ണത ചിത്രത്തിന് കൊണ്ടുവരാനുള്ള ഒരു ശ്രമവും ഉണ്ടായിരുന്നില്ല. ഫ്രെയിം ടു ഫ്രെയിം ചിത്രം മികച്ചതാക്കാനുള്ള ശ്രമം നടന്നപ്പോള്‍ മലയാളത്തിലെത്തിയ ഭ്രമം എന്ന ചിത്രത്തിന് അന്ധാധുന്നിന്റെ ആത്മാവ് നഷ്ടമായി. ഏതൊരു ചിത്രവും മൊഴിമാറ്റുമ്പോള്‍ പ്രേക്ഷകരെ കൂടെ കൂട്ടാനുള്ള പശ്ചാതല നിര്‍മ്മിതി ഒരു പ്രധാനഘടകമാണ്. സിനിമയിലെ ആര്‍ട്, പ്രോപ്പര്‍ട്ടി, കോസ്റ്റിയൂംസ് ഇവപോലും ബോളിവുഡിനോട് ചേര്‍ന്ന് നില്‍ക്കുന്നവിധം തന്നെ ഒരുക്കിയപ്പോള്‍ ഭ്രമം ആവര്‍ത്തനവിരസമായി.
അതേസമയം അന്ധാധുന്‍ കാണാത്ത പ്രേക്ഷകര്‍ക്ക് ഒരുതവണ കണ്ടിരിക്കാവുന്ന ചിത്രമാണ് ഭ്രമം. ഭ്രമം എന്ന ചിത്രത്തിന്റെ ആദ്യ പകുതി മെയ്ക്കിംഗിലെ ആവര്‍ത്തന അനുഭവം കൊണ്ടു തെല്ലൊന്നുമല്ല മുഷിപ്പിച്ചത്. എന്നാല്‍ ഭ്രമം രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ കുറിയ്ക്ക കൊള്ളുന്ന ചില സംഭാഷണങ്ങളാല്‍ പ്രേക്ഷകനെ കൂടെ കൂട്ടാനുള്ള ചില ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. റാഷി ഖന്ന, ശങ്കര്‍, പൃഥ്വിരാജ് എന്നിവരെല്ലാം അന്ധാദുനിലെ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്ന് പറയാനാവില്ല. അതേ സമയം മംമ്ത മോഹന്‍ദാസ്, ഉണ്ണിമുകുന്ദന്‍, അനന്യ തുടങ്ങീ ചിത്രത്തില്‍ എത്തിയ ചെറിയ കഥാപാത്രങ്ങളിലുള്ളവരെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ജേക്‌സ് ബിജോയ്‌യുടെ പശ്ചാതല സംഗീതം നന്നായെങ്കിലും, ചിത്രത്തിലെ സംഗീതം ഒരു മുസിഷ്യന്റെ കഥ പറയുന്ന ചിത്രത്തിന് ചേരുന്ന വിധമായിരുന്നില്ല. ഛായാഗ്രഹണം ചിത്രസംയോജനം എന്നിവയെല്ലാം നന്നായെങ്കിലും അന്ധാദുന്‍ ഒരു റഫറന്‍സായുള്ളപ്പോള്‍ അതിന് മുകളിലേക്ക് കൊണ്ടു വരാന്‍ കഴിഞ്ഞുവെന്ന് പറയാനാവില്ല. അന്ധാധുന്‍ കാണാത്തവരുണ്ടെങ്കില്‍ ഭ്രമം കണ്ടതിന് ശേഷം കാണുക.