നരേന്‍ ചിത്രം ‘കുറല്‍’ ഫസ്റ്റ് ലുക്ക്

നരേന്‍ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം കുറലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ പങ്കുവച്ചത്. ഓര്‍ഡിനറി, മൈ സാന്റാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സുഗീതിന്റെ ആദ്യ തമിഴ് ചിത്രമാണ് കുറല്‍.

ഓട്ടിസം ബാധിച്ച കഥാപാത്രത്തെയാണ് ചിത്രത്തില്‍ നരേ്ന്‍ അവതരിപ്പിച്ചിരിക്കുന്നത്. കദ്രീസ് എന്റര്‍ടെയ്ന്‍മെന്റ് യുഎഇയുടെ ബാനറില്‍ നജീബ് കാദിരിയാണ് നിര്‍മ്മാണം. രാകേഷ് ശങ്കറിന്റേതാണ് ചിത്രത്തിന്റെ രചന.

മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം ഒരുങ്ങുന്ന ത്രില്ലര്‍ ഡ്രാമ ചിത്രം അദൃശ്യം, ബര്‍ണേഷ് സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ഡ്രാമ ‘ഒത്തൈക്ക് ഒത്തൈ’, ലോകേഷ് കനകരാജിന്റെ കമല്‍ ഹാസന്‍ ചിത്രം ‘വിക്രം’ എന്നിവയാണ് നരെയ്ന്റേതായി പുറത്തുവരാനിരിക്കുന്ന മറ്റു സിനിമകള്‍.

സുനില്‍ കുമാര്‍ എന്നാണ് നരേന്റെ യഥാര്‍ഥ പേര്. ഛായാഗ്രഹണ സഹായിയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. സഹനടനായാണ് അഭിനയം തുടങ്ങിയത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി.

ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെ സുനില്‍ ശ്രദ്ധ പിടിച്ചുപറ്റി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന കഥാപാത്രം ഈ നടന്റെ സാധ്യതകള്‍ വിളിച്ചോതി. മീരാ ജാസ്മിന്‍ ആയിരുന്നു നായിക. തുടര്‍ന്ന് ശരത്ചന്ദ്രന്‍ വയനാടിന്റെ അന്നൊരിക്കല്‍ എന്ന ചിത്രത്തില്‍ കാവ്യാ മാധാവന്റെ നായകനായി. ഫോര്‍ ദ പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിളിലും പോലീസ് ഓഫീസറുടെ വേഷം സുനിലിനായിരുന്നു.മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്തരം പേശുതടി ആയിരുന്നു തമിഴിലെ രണ്ടാമത്തെ ചിത്രം. തുടക്കത്തില്‍തന്നെ തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്ന സുനില്‍ വൈകാതെ നരേന്‍ എന്ന് പേരു മാറ്റി. തമിഴില്‍ തുടര്‍ന്ന് നെഞ്ചിരുക്കുംവരെ എന്ന ചിത്രത്തിലും അഭിനയിച്ചു. മിഷ്‌കിന്റെ അഞ്ചാതെ ആണ് തമിഴിലെ ഏറ്റവും പുതിയ ചിത്രം.ലാല്‍ ജോസ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്‌സിലെ മുരളി എന്ന കഥാപാത്രം മലയാളത്തില്‍ സുനിലിന്റെ താരമൂല്യം ഉയര്‍ത്തി.പന്തയക്കോഴി, ഒരേ കടല്‍, അയാളും ഞാനും തമ്മില്‍, റോബിന്‍ ഹുഡ് എന്നിവയാണ് മറ്റ് പ്രമുഖ മലയാളചിത്രങ്ങള്‍.