
നടി അനശ്വര രാജനെ ഉർവശിയുമായി താരതമ്യം ചെയ്ത് പ്രശംസിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അനശ്വരയുടെ അഭിനയം കാണുമ്പോൾ ഒരു കാലത്ത് ഉര്‍വശിയെ കണ്ട് ഞാൻ അതിശയിച്ചതുപോലെയാണ് എനിക്ക് തോന്നുക, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. പേളിമാണി ഷോയിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു കാലത്ത് ഞാന്‍ ഉര്‍വശിയെ കണ്ട് അതിശയിച്ചതുപോലെ, ഇങ്ങനെയൊക്കെ പറ്റുമോ എന്ന് വിചാരിച്ചതുപോലെ ഇപ്പോള്‍ റീല്‍സിലെ അനശ്വരയുടെ ചില പെര്‍ഫോമന്‍സുകള്‍ കണ്ടു. മൈ ഗോഡ്, ഈ ജനറേഷനില്‍ ഇങ്ങനെ റിയല്‍, എന്തുചെയ്താലും നമുക്ക് ഓക്കെ എന്ന് പറയുന്ന ഒരവസ്ഥ. കണ്ണീര്‍ തുടച്ചും മൂക്ക് പിഴിഞ്ഞും എന്തൊക്കേയോ ചെയ്യുന്നുണ്ട്. അതെല്ലാം ഓക്കെയാണ്”, സുരേഷ് ഗോപി പറഞ്ഞു.
അഭിമുഖത്തിൽ ചോദ്യോത്തരവേളയില്‍ ഈ തലമുറയിലെ ഒരു നടിയോ നടനേയോ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സുരേഷ് ഗോപി ഉടനെതന്നെ അനശ്വര എന്നു പറയുകയായിരുന്നു. എസ്. വിപിന്‍ എഴുതി സംവിധാനംചെയ്ത ‘വ്യസനസമേതം ബന്ധുമിത്രാതികള്‍’ എന്ന സിനിമയാണ് അനശ്വരയുടെ പുതിയ ചിത്രം. ജൂണ്‍ 13-ന് ചിത്രം തിയേറ്ററുകളിലെത്തി. ചിത്രത്തിന്റ ട്രെയ്‌ലറില്‍ മരണവീട്ടില്‍നിന്നുള്ള രംഗത്തില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന അനശ്വരയുടെ കഥാപാത്രത്തെ കാണിക്കുന്നുണ്ട്. ഈ രംഗമാണ് തന്റെ അഭിമുഖത്തില്‍ സുരേഷ് ഗോപി പരാമര്‍ശിച്ചത്.
അതേ സമയം “ജാനകി വി എസ് സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഇനി വരാനിരിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. അനുപമ പരാമർശ്വരനാണ് നായിക. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.