സ്‌ക്രീന്‍ നിറയെ ട്വിസ്റ്റുകളും തമാശകളുമായി ഒരു ‘ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി…!'(മൂവി റിവ്യു)

മലയാളം സിനിമയിലേക്ക് എപ്പോഴും എല്ലാ പ്രേക്ഷകരെയും ഒരുപോലെ അടുപ്പിച്ചത് ഇവിടെയുണ്ടായിരുന്ന ചിരിത്തമ്പുരാക്കന്മാര്‍ തന്നെയാണ്. ഈ കാര്യം ഓര്‍മ്മപ്പെടുത്തുകയാണ് മലയാളത്തിലെ എക്കാലെയും പ്രിയപ്പെട്ട ഹാസ്യതാരമായ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്ത ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയെന്ന ചിത്രം..

എസ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്ത് നിര്‍മ്മിച്ച ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി പൂര്‍ണമായും ഒരു കോമഡി എന്റര്‍ടെയനറാണ്. ഹരിശ്രീ അശോകന്‍ തന്റെ അരങ്ങേറ്റ സംവിധാന ചിത്രത്തിന് അര്‍ഹിക്കുന്ന നേതൃത്വം നല്‍കിയെന്ന് തന്നെ പറയാം. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച തിരക്കഥയും സംഭാഷണവും ചിത്രത്തിന്റെ പശ്ചാത്തലത്തിന് ഒപ്പം നിന്നു.

പേര് പോലെ തന്നെ ഒരു ഇന്റര്‍നാഷണല്‍ പശ്ചാത്തലത്തില്‍ തന്നെയാണ് കഥ ആരംഭിക്കുന്നത്. ഒരു ബിസിനസ്സ് ഡീലിലെ സ്വരച്ചേര്‍ച്ചയില്ലായ്മിലൂടെ ജീവിതത്തിന് തന്നെ ഭീക്ഷണി നേരിടുന്ന നന്ദലാല്‍ തന്റെ കുടുംബത്തോടൊപ്പം സ്വയം രക്ഷക്കായി നാട്ടിലേക്ക് മടങ്ങുകയാണ്. പിന്നീട് ഈ ട്വിസ്റ്റ് തന്നെ കഥയിലേക്ക് വ്യാപിക്കുമ്പോള്‍ അതില്‍ കുടുങ്ങിപ്പോകുന്ന ഏതാനും ചെറുപ്പക്കാരുടെ രസകരമായ അനുഭവങ്ങളാണ് കഥ പറയുന്നത്.

താര സമ്പന്നത തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഹരിശ്രീ അശോകന്‍, മനോജ് കെ.ജയന്‍, ടിനി ടോം, ഇന്നസെന്റ്, ധര്‍മ്മജന്‍, ബിജുക്കുട്ടന്‍, സുരേഷ് കൃഷ്ണ, ബൈജു, സലീം കുമാര്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ തുടങ്ങി തിരവധി താരങ്ങളുടെ സാന്നിധ്യം പ്രേക്ഷകരെ കഥയിലേക്കടുപ്പിച്ചു. ഒപ്പം പ്രധാന കഥാപാത്രങ്ങളായെത്തിയ രാഹുല്‍ മാധവ്, സുരഭി സന്തോഷ്, ദീപക് പറമ്പോള്‍ എന്നിവരും അര്‍ഹിക്കുന്ന പ്രകടനം കാഴ്ച്ചവെച്ചു.

വളരെ ടൈമിങ്ങോടുകൂടിയ ഇടപെടലുകള്‍ തന്നെയാണ് ചിത്രത്തെ ഇത്രയധികം ട്വിസ്റ്റുകളുണ്ടായിട്ടും മുന്നോട്ട് കൊണ്ടുപോയത്. ഒപ്പം ഓരോ രംഗങ്ങളിലുമുള്ള അനുയോജ്യമായ കാസ്റ്റിങ്ങും ഹരിശ്രീ അശോകന്റെ സംവിധാന മികവ് തെളിയിച്ചു. അവസാന ഭാഗത്തെ ചില അനാവശ്യ വഴിത്തിരുവുകള്‍ ഒഴിവാക്കിയാല്‍ വളരെ രസകരമായ ഒരു തിരക്കഥ തന്നെയാണ് ചിത്രത്തിന്റേത്.

ഒരു രസകരമായ കഥയെ ദൂരെ നിന്ന് നോക്കിക്കാണുന്ന അതേ രീതിയില്‍ തന്നെയാണ് ആല്‍ബി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതവും അനുയോജ്യമായ ഗാനങ്ങളും ചിത്രത്തിനോടൊപ്പം നിന്നു. രതീഷ് രാജിന്റെ ചിത്ര സംയോജനവും ഓരോ ഫ്രെയ്മുകളിലെയും തുടര്‍ച്ച നിലനിര്‍ത്തി.

മലയാളത്തില്‍ ഏറെ നാളുകള്‍ക്ക് ശേഷമെത്തിയ ഒരു നല്ല എന്റര്‍ടെയ്‌നര്‍ ചിത്രം തന്നെയാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. ഹരിശ്രീ അശോകന്‍ എന്ന പ്രതിഭ തന്റെ ആദ്യ സംവിധാനത്തിലൂടെ പ്രേക്ഷകര്‍ക്ക് ഓര്‍മ്മയില്‍ കുറിച്ചിടാന്‍ ഒരു രസകരമായ ചിത്രം കൂടി തന്നിരിക്കുകയാണ്. നല്ല കുറച്ച് നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ചിത്രത്തിന് തീര്‍ച്ചയായും ടിക്കറ്റെടുക്കാം..