
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് ആദരവുമായി അമുൽ. താരത്തിന് ആശംസകൾ നേർന്നുകൊണ്ട് അമുൽ സമൂഹ മാധ്യമങ്ങളിൽ പ്രത്യേക പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. അഭിനയത്തിൻ്റെ ദാദയും സാഹിബുമായ മോഹൻലാലിന്, അമുലിന്റെ രുചിയുടെ ദേശീയ അവാർഡ് എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. നേരത്തെ മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് മിൽമയും പോസ്‌റ്റർ പങ്കുവച്ചിരുന്നു.
“ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി മലയാളത്തിൻ്റെ മോഹൻലാൽ” എന്ന കുറിപ്പിനൊപ്പമാണ് അമുലിൻ്റെ രുചിയുടെ ദേശീയ പുരസ്കാരം അഭിനയത്തിന്റെ ദാദയും സാഹിബുമായ മോഹൻലാലിന് നൽകുന്നു എന്ന പോസ്റ്റർ അമുൽ കേരള പങ്കുവച്ചത്.
40 വർഷത്തിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണിതെന്നും, ഇത് മലയാള സിനിമയുടെ മൊത്തത്തിലുള്ള അംഗീകാരമായി കാണുന്നുവെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞിരുന്നു. രാജ്യത്തിൻറെ പരമോന്നത ചലച്ചിത്ര ബഹുമതി നേടിയ മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നിരുന്നു.
മലയാള സിനിമാ ചരിത്രത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണണന് ശേഷം ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന രണ്ടാമത്തെ വ്യക്‌തിയാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടൻ മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് നൽകി ആദരിച്ചത്.