താരങ്ങളെ വിട്ടുനല്‍കാനാവില്ല ; അമ്മയ്‌ക്കെതിരെ നിര്‍മ്മാതാക്കള്‍

താരസംഘടനയായ അമ്മ ഡിസംബറില്‍ അബുദാബിയില്‍ നടത്താനിരിക്കുന്ന സ്‌റ്റേജ് ഷോയ്‌ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന.സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ താരങ്ങളെ വിട്ടു നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയ്ക്ക് കത്തയച്ചു.

തങ്ങളോട് ചോദിക്കാതെ സ്‌റ്റേജ് ഷോയ്ക്ക് തിയ്യതി തീരുമാനിച്ചതില്‍ പ്രതിഷേധവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമ്മയുടെ ഏകപക്ഷീയ നിലപാടുകള്‍ അംഗീകരിച്ച് മുന്നോട്ടു പോകാനാവില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.ഷോ നടത്താതെ തന്നെ അഞ്ച് കോടി സമാഹരിക്കാന്‍ അമ്മയ്ക്ക് നിഷ്പ്രയാസം സാധിക്കും. തങ്ങളോട് ആലോചിക്കാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കിയത് തെറ്റായ നടപടിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.പ്രളയത്തെ തുടര്‍ന്ന് ഓണം റിലീസ് മാറ്റിവയ്ക്കുകയും വലിയ സാമ്പത്തിക നഷ്ടങ്ങളും ഉണ്ടായി. വിഷുവരെയുളള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ട് ക്രമീകരിച്ച സാഹചര്യത്തില്‍ താരങ്ങളെ വിട്ടു നല്‍കാനാവില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ സംഭാവന നല്‍കാന്‍ അമ്മ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോയ്ക്കായി താരങ്ങളെ വിട്ടുനല്‍കണമെന്നതാണ് അമ്മയുടെ ആവശ്യം.