
താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ അഭിനന്ദിച്ച് നടന്മാരായ മമ്മൂട്ടിയും, മോഹൻലാലും. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം അഭിനന്ദനം രേഖപ്പെടുത്തിയത്. ‘അമ്മയുടെ പുതിയ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍. ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തനമികവോടെ അമ്മയെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടെ’. മോഹൻലാൽ കുറിച്ചു. ‘അമ്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങൾ. സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ’, എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്.
ഇതാദ്യമായിട്ടാണ് അമ്മയുടെ പ്രെസിഡന്റായി ഒരു വനിത എത്തുന്നത്. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രെട്ടറി ആയി എതിരില്ലാതെ തിരഞ്ഞെടുപ്പിന് മുന്നേ അൻസിബ ഹസ്സനെ തിരഞ്ഞെടുത്തിരുന്നു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഉണ്ണി ശിവപാലാണ് ട്രഷറർ.
“ഒരുപാട് സ്വപ്നങ്ങൾ ഉണ്ടെന്നും, അമ്മയെ നയിക്കാൻ ഒരവസരം നൽകൂ” എന്നുമാണ് വോട്ടു രേഖപ്പെടുത്താൻ വന്നപ്പോൾ ശ്വേതാ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണമുണ്ടാക്കിയെന്ന തരത്തിൽ വരെ ശ്വേതയ്ക്കെതിരെ കേസ് വന്നിരുന്നു.
അമ്മയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പറഞ്ഞത് റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് കുക്കു പരമേശ്വരന്റെ കയ്യിലുണ്ടെന്നും, അത് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമെന്നും വിവാദങ്ങൾ ഉണ്ടായിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. 506 പേർക്കാണ് ഇത്തവണ വോട്ടവകാശം ഉണ്ടായിരുന്നത്. 298 പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. മുതിർന്ന താരങ്ങളെയടക്കം ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിക്കാനുള്ള വലിയ ശ്രമം നടത്തിയിട്ടുണ്ട്. താരങ്ങളായ ജനാർദ്ദനൻ, വത്സല മേനോൻ, ശ്രീനിവാസൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി എന്നിവരും വോട്ട് ചെയ്യാനെത്തി.
എല്ലാവരും കൂടി ചേർന്ന് മികച്ച ഭരണം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മ മുൻ പ്രസിഡൻ്റ് മോഹൻലാൽ പ്രതികരിച്ചിരുന്നു.
അതേസമയം ശ്വേതാ മേനോന് എതിരായ പരാതിയിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ താൻ അഭിനയം നിർത്തുമെന്ന് ബാബുരാജ് പറഞ്ഞു.
എല്ലാവരോടും വോട്ട് ചോദിച്ചിട്ടുണ്ടെന്നും പ്രാർത്ഥിക്കണമെന്നും നടൻ ദേവൻ ആവശ്യപ്പെട്ടു. അമ്മയിലേക്ക് എന്തെങ്കിലും ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ടെന്നും അതിനു ഒരവസരം തരണമെന്നുമായിരുന്നു നടി ശ്വേതാ മേനോന്റെ പ്രതികരണം.