അഭിഭാഷക വേഷത്തില്‍ അഭിനയിച്ചു, ബച്ചന് വക്കീല്‍ നോട്ടീസ്

ഒരു മസാലക്കമ്പനിയുടെ പരസ്യത്തില്‍ അഭിഭാഷക വേഷത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് അമിതാഭ് ബച്ചന് വക്കീല്‍ നോട്ടീസ്.ഡല്‍ഹി ബാര്‍ കൗണ്‍സിലാണ് ബച്ചന് ലീഗല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ അഭിഭാഷകരുടെ വേഷം പരസ്യത്തിനായി ഉപയോഗിച്ചതാണ് കാരണം. കമ്പനിയ്‌ക്കെതിരെയും പരസ്യം പ്രക്ഷേപണം ചെയ്ത യൂട്യൂബിനെതിരെയും മാധ്യമസ്ഥാപനത്തിനെതിരെയും കൗണ്‍സില്‍ നോട്ടീസയച്ചിട്ടുണ്ട്.പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.

പരസ്യത്തില്‍ അമിതാഭ് ബച്ചനും മറ്റു രണ്ട്‌പേരുമാണ് അഭിനയിച്ചിരിക്കുന്നത്. അഭിഭാഷകവേഷം ധരിച്ച ബച്ചന്‍ കമ്പനിയുടെ മസാലയെ കുറിച്ച് പ്രകീര്‍ത്തിക്കുന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. പത്തു ദിവസത്തിനുള്ളില്‍ നോട്ടീസില്‍ ആവശ്യപ്പെട്ട പ്രകാരം ചെയ്യണമെന്നും അല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.