
മോഹൻലാലിൻ്റെ മുഖം ‘ദൈവദത്തമായ സമ്മാനമാണ്’ എന്നും യാതൊരു പ്രയത്നവുമില്ലാതെ ഏത് വികാരവും അദ്ദേഹത്തിന് പ്രകടിപ്പിക്കാൻ കഴിയുമെന്നും പ്രശംസിച്ച് നടൻ അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചൻ അവതാരകനായ ‘കോൻ ബനേഗാ ക്രോർപതി’ വേദിയിൽ വച്ചായിരുന്നു അമിതാഭ് ബച്ചന്റെ പ്രശംസ.
‘മോഹൻലാലിൻ്റെ മുഖം ‘ദൈവദത്തമായ സമ്മാനമാണ്. യാതൊരു പ്രയത്നവുമില്ലാതെ ഏത് വികാരവും അദ്ദേഹത്തിന് പ്രകടിപ്പിക്കാൻ കഴിയും. അനന്തമായ പ്രചോദനത്തിന്റെ ഉറവിടമാണ് അങ്ങ്. അങ്ങയുടെ അച്ചടക്കം, വിനയം, ശക്തി എന്നിവ ലോകം തുടർന്നും പഠിക്കുന്ന ഗുണങ്ങളാണ്. താങ്കളുമായുള്ള ഓരോ കൂടിക്കാഴ്ചയും താങ്കളുടെ ജീവിത യാത്രയും മനുഷ്യസ്നേഹവും നാം എത്രമാത്രം ഉൾക്കൊള്ളാനുണ്ട് എന്ന് എന്നെ ഓർമിപ്പിക്കുന്നു. താങ്കൾക്ക് എപ്പോഴും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ’. അമിതാഭ് ബച്ചൻ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അമിതാഭ് ബച്ചന്റെ ജന്മദിനം. ബിഗ് ബിക്കു ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ വിഡിയോ സന്ദേശത്തിലൂടെ എത്തിയിരുന്നു. മോഹൻലാലിൻ്റെ വിഡിയോ അവസാനിച്ച ശേഷം, കെബിസി വേദിയിൽ അതിഥികളായി ഉണ്ടായിരുന്ന ഫർഹാൻ അക്തർ, ജാവേദ് അക്‌തർ എന്നിവരോട് സംസാരിക്കവെയാണ് അമിതാഭ് ബച്ചൻ ഈ കാര്യങ്ങൾ സംസാരിച്ചത്.
ഏകദേശം 15 വർഷം മുൻപുള്ള ഒരു അഭിമുഖത്തിലും മോഹൻലാൽ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളെന്നും ശാന്തവും അനായാസവുമായ പ്രകടനം കാഴ്‌ചവയ്ക്കുന്നയാളെന്നും അമിതാഭ് ബച്ചൻ വിശേഷിപ്പിച്ചിരുന്നു. ‘ആഗ്, ‘കാണ്ഡഹാർ’ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.