
ഐ.സി.യു. വാസത്തെക്കുറിച്ചുള്ള തന്റെ ബ്ലോഗ് പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വിശദീകരണം നൽകി നടൻ അമിതാഭ് ബച്ചൻ. താൻ യാതൊരുവിധ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടില്ലെന്നും ലോകകപ്പ് ഫൈനലിൽ സ്പെയ്‌നിനോട് അർജന്റീന തോറ്റതിനെക്കുറിച്ചാണ് താൻ പരാമർശിച്ചതെന്നും ബച്ചൻ പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തോടായിരുന്നു ബച്ചന്റെ പ്രതികരണം.
‘എനിക്ക് കുഴപ്പമൊന്നുമില്ല. ശസ്ത്രക്രിയയൊന്നും നടന്നിട്ടില്ല. ആ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണ്. ശസ്ത്രക്രിയയയ്ക്കോ ഐസിയു വാസത്തിനോ ശേഷം വീട്ടിൽ തിരിച്ചെത്തി ശാരീരിക ബുദ്ധിമുട്ടുകളോട് പൊരുതുന്നതാണ് ഏറ്റവും പ്രയാസകരമായ സമയം എന്നതിന് ഒരു ഉദാഹരണം നൽകുകയായിരുന്നു ഞാൻ. അതിനാൽ ഒരു ചാമ്പ്യൻ പരാജയപ്പെടുമ്പോൾ, ആ തിരിച്ചടിയെ അതിജീവിക്കുക എന്നതാണ് ഏറ്റവും പ്രയാസകരമായ ഘട്ടം.
ഫൈനലിൽ അർജൻ്റീനയുടെ തോൽവിയെക്കുറിച്ചാണ് സൂചിപ്പിച്ചത്. നിലവിലെ ചാമ്പ്യൻ എന്ന നിലയിൽ മെസിയുടെ പരാജയമായിരുന്നു അത്. ആളുകൾ എനിക്കാണ് സംഭവിച്ചതെന്ന് തെറ്റിദ്ധരിച്ചു.” ബച്ചൻ പറഞ്ഞു.
‘ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐ.സി.യുവിൽ വിദഗ്‌ധരായ ഡോക്‌ടർമാരുടെയും മെഡിക്കൽ സംഘത്തിൻ്റെയും പരിചരണത്തിലായിരുന്നു. തുടർന്ന് ഡിസ്‌ചാർജ് ചെയ്‌ത് വീട്ടിലെത്തി. എന്നാൽ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം,’ എന്നായിരുന്നു അമിതാഭ് ബച്ചന്റെ കുറിപ്പ്.