
നടി അംബികയും സഹോദരിയും നടിയുമായ രാധയും തമ്മിലുള്ള സ്വത്ത് തർക്കവും 46 കോടി രൂപയുടെ ചെക്ക് കേസ് വിവാദവും പുതിയ വഴിത്തിരിവിലേക്ക്. തന്നെ വഞ്ചിച്ചത് സഹോദരി രാധയാണെന്നും 50 സെന്റ് ഭൂമിയും സ്വർണവുമടക്കം അവർ തട്ടിയെടുത്തെന്നും നടി അംബിക വ്യക്തമാക്കി. ഈ സംഭവത്തിൽ തന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും, തർക്കപരിഹാരത്തിനായി രാധ സ്വമേധയാ കൈമാറിയ ചെക്കുകൾ മറച്ചുവെച്ചാണ് ഇപ്പോൾ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അംബിക പറഞ്ഞു.
ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ നേരിട്ടെത്തിയാണ് രാധ അംബികയ്ക്കഎതിരേയും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കെതിരേയും ഗുരുതര പരാതി നൽകിയത്. എ.ആർ.എസ്. ഗാർഡൻ സ്റ്റുഡിയോയുടെ നടത്തിപ്പിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ ഇരുവരും ചേർന്ന് കൈവശപ്പെടുത്തി 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് രാധയുടെ ആരോപണം. ബാങ്കിൽനിന്ന് എസ്.എം.എസ്. സന്ദേശം ലഭിച്ച ഉടൻ തന്നെ ഇടപാട് നിർത്തിവെക്കാൻ നിർദേശം നൽകുകയായിരുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു.
2025 ജനുവരിയിൽ സ്റ്റുഡിയോയുടെ പേര് മാറ്റിയതിനെ തുടർന്ന് പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിർത്തിവെച്ചിരുന്നതാണെന്നും, യാതൊരു സാമ്പത്തിക ഇടപാടുകളും ഇല്ലാത്ത അംബികയുടെ പേരിൽ പഴയ ചെക്കുകൾ ഉപയോഗിച്ച് പണം തട്ടാൻ സഹോദരൻ മല്ലികാർജുനൻ വ്യാജമായി തുക എഴുതിച്ചേർക്കുകയായിരുന്നുവെന്നുമാണ് രാധയുടെ വാദം. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് അംബിക ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കുടുംബപരമായ സ്വത്തുക്കളും പണവും തട്ടിയെടുത്ത സഹോദരിയുടെ നടപടിക്കെതിരെ നിയമപരമായ തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് അംബികയുടെ തീരുമാനം.