സമയവും ഊർജ്ജവും പോസിറ്റീവായ കാര്യങ്ങൾക്കായി ഉപയോഗിക്കൂ; ആരാധകർക്കായി ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് അല്ലു അർജുൻ

','

' ); } ?>

ആരാധകർക്കായി സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് നടൻ അല്ലു അർജുൻ. അല്ലു അർജുൻ്റെ ആരാധക സംഘടനയുടെ വാർഷിക പരിപാടിയായ ‘AAFA ആനുവൽ സമ്മിറ്റ് 2026’-ൽ വെച്ചാണ് താരം ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ ആരാധകരെ അഭിസംബോധന ചെയ്ത താരം, സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങളിൽ നിന്നും ട്രോളുകളിൽ നിന്നും വിട്ടുനിൽക്കണമെന്നും തങ്ങളുടെ സമയവും ഊർജ്ജവും പോസിറ്റീവായ കാര്യങ്ങൾക്കായി മാത്രം വിനിയോഗിക്കണമെന്നും അഭ്യർത്ഥിച്ചു.

മനുഷ്യൻ്റെ ഊർജ്ജത്തെ ഒരു ബാറ്ററിയോടും പണത്തോടും ഉപമിച്ചായിരുന്നു അല്ലു അർജുൻ്റെ സന്ദേശം. ദിവസവും ലഭിക്കുന്ന 100 ശതമാനം ഊർജ്ജം എവിടെ നിക്ഷേപിക്കണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടതെന്നും കയ്യിലുള്ള 100 രൂപ വേണ്ടാത്ത കാര്യങ്ങൾക്കായി കളയാറില്ലാത്തതുപോലെ അനാവശ്യ കാര്യങ്ങൾക്കായി സമയം പാഴാക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇഷ്ടമില്ലാത്ത വ്യക്തികളെ വെറുക്കാനോ ട്രോൾ ചെയ്യാനോ ഒരു ശതമാനം ഊർജ്ജം പോലും കളയാതെ, സന്തോഷം നൽകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം ആരാധകരോട് ആവശ്യപ്പെട്ടത്.

ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരാധക സംഘടനാ നേതാക്കളും അംഗങ്ങളും പങ്കെടുത്ത സമ്മേളനത്തിൽ മണിക്കൂറുകളോളമാണ് അല്ലു അർജുൻ ചെലവഴിച്ചത്.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാക്ക’യാണ് അല്ലു അർജുൻ്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ഈ സൂപ്പർ ഹീറോ ചിത്രം ഏകദേശം 700 കോടി രൂപ ബജറ്റിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായാണ് പ്ലാൻ ചെയ്യുന്നത്. ദീപിക പദുകോൺ നായികയായെത്തുന്ന ചിത്രത്തിൽ രശ്‌മിക മന്ദാനയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.