
നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയെയും, കാന്താര ചാപ്റ്റർ 1നെയും പ്രശംസിച്ച് നടൻ അല്ലു അർജുൻ. ‘ ചിത്രം കണ്ടു മനസ്സ് നിറഞ്ഞെന്നും, രചയിതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ വൺമാൻ ഷോ നടത്തിയ ഋഷഭിന് അഭിനന്ദനങ്ങൾ എന്നും അല്ലു അർജുൻ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ഇന്നലെ രാത്രി കാന്താര കണ്ടു. എന്തൊരു മനസ്സുനിറച്ച സിനിമയാണത്. രചയിതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ വൺമാൻ ഷോ നടത്തിയതിന് ഋഷഭ് ഷെട്ടി ഗാരുവിന് അഭിനന്ദനങ്ങൾ. എല്ലാ മേഖലയിലും അദ്ദേഹം മികവ് പുലർത്തി. രുക്മിണി വസന്ത്, ജയറാം ഗാരു, ഗുൽഷൻ ദേവയ്യ ഗാരു തുടങ്ങിയവരുടെ സൗന്ദര്യാത്മക പ്രകടനങ്ങൾ. സാങ്കേതിക വിദഗ്ധരുടെ ഉജ്ജ്വലമായ ജോലി. പ്രത്യേകിച്ച് അജനീഷ് ലോക്നാഥിന്റെ സംഗീതം, അരവിന്ദ് എസ് കശ്യപിന്റെ ഛായാഗ്രഹണം, ധരണി ഗംഗേപുത്രന്റെ കലാസംവിധാനം, അർജുന്റെ സ്റ്റണ്ട്. നിർമ്മാതാവ് വിജയ് കിരഗന്ദൂറിനും ഹോംബാലെ ഫിലിംസ് ടീമിനും അഭിനന്ദനങ്ങൾ. സിനിമയുടെ അനുഭവം വിവരിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് സ്നേഹവും ആദരവും ബഹുമാനവും”, അല്ലു അർജുൻ കുറിച്ചു.
2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. അതേസമയം, കാന്താര ചാപ്റ്റർ 1ന്റെ ഇംഗ്ലീഷ് വെർഷൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഒക്ടോബർ 31ന് ഇംഗ്ലീഷ് വെർഷൻ തിയറ്ററുകളിൽ എത്തും.