
അമ്മ സംഘടനയിലെ കൂട്ടരാജിയും ശ്വേത മേനോൻ അടക്കമുള്ള ഭാരവാഹികളുടെ ഇറങ്ങിപ്പോക്കും ചർച്ചയാകുന്ന സാഹചര്യത്തിൽ, സംഘടനയെ തകർച്ചയിലേക്ക് നയിച്ചതിന് പിന്നിൽ ‘ബോൺ ക്രിമിനലായ’ ഒരു നടിയാണെന്ന ഗുരുതര ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. പുതിയ അഡ്ഹോക് കമ്മിറ്റിയിൽ കാര്യങ്ങൾ കൃത്യമായി നിയന്ത്രിക്കാൻ ശേഷിയുള്ളവരുണ്ടെന്നത് ആശ്വാസകരമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ഒരു വർഷം പോലും തികയ്ക്കാതെ മുൻ ഭരണസമിതിക്ക് രാജിവെച്ച് ഒഴിയേണ്ടി വന്നതിന് പിന്നിലെ യഥാർത്ഥ കാരണം സംഘടനയ്ക്കുള്ളിലെ ഒരു സ്ത്രീയുടെ വിഷലിപ്തമായ ഇടപെടലുകളാണെന്ന് തുറന്നടിച്ചു.
തെന്നിന്ത്യൻ സിനിമയിൽ യാതൊരുവിധ അടയാളപ്പെടുത്തലുകളും നടത്താത്ത, വർഷങ്ങളായി സിനിമയിൽ ഒരു മുഖം കാണിക്കാൻ പോലും കഴിയാത്ത, കഴുത്തിന് ചുറ്റും നാവുള്ള ഈ സ്ത്രീയാണ് സംഘടനയുടെ സർവനാശത്തിന് വഴിവെച്ചതെന്ന് ആലപ്പി അഷ്റഫ് ആരോപിക്കുന്നു. തനിക്ക് അവസരങ്ങൾ നൽകുന്ന സംവിധായകരെയും പ്രോഗ്രാമുകളിൽ പങ്കെടുപ്പിക്കുന്ന സംഘാടകരെയും പിന്നീട് ശത്രുക്കളായി കാണുന്ന സ്വഭാവമാണ് ഇവർക്കുള്ളത്. വായ തുറന്നാൽ അങ്ങേയറ്റം മോശം വാക്കുകൾ മാത്രം സംസാരിക്കുന്ന ഇവർ, അടിസ്ഥാനപരമായി ഒരു ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും പണം തട്ടിപ്പ് കേസുകൾക്ക് പുറമെ കൽക്കട്ടയിൽ വെച്ച് കോടതിയുമായി ബന്ധപ്പെട്ട് നടന്ന വലിയൊരു സംഭവത്തിന്റെ കഥ തെളിവ് സഹിതം പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ശ്വേത മേനോൻ, അൻസിബ, നീന കുറുപ്പ് എന്നിവർ മലയാള സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയവരും മാന്യതയും പക്വതയും പുലർത്തുന്നവരുമാണെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടുന്നു. പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്തിയവരോട് പോലും ക്ഷമിച്ച വ്യക്തിത്വമാണ് നീന കുറുപ്പിന്റേത്. എന്നാൽ ഇവരുടെയൊക്കെ കൂടെ നിന്ന് പണികൊടുത്ത ഈ ‘വിഷവിത്തിനെ’ തിരിച്ചറിയാതെ പോയതാണ് അവർക്ക് പറ്റിയ പരാജയമെന്നും സംവിധായകൻ വിലയിരുത്തുന്നു. കാര്യസാധ്യത്തിനായി എന്ത് അടവുകളും പുറത്തെടുക്കുന്ന, തള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ഈ സ്ത്രീയെ ‘നടി’ എന്ന് വിശേഷിപ്പിച്ചതിൽ തനിക്ക് മനസ്താപമുണ്ടെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു. സംവിധായകന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അദ്ദേഹം ലക്ഷ്യം വെച്ചത് കുക്കു പരമേശ്വരനെയാണോ അതോ ലക്ഷ്മിപ്രിയയെയാണോ എന്ന തരത്തിലുള്ള ചർച്ചകളും സിനിമാ ലോകത്ത് സജീവമായിട്ടുണ്ട്.