പാക്കിസ്ഥാനില്‍ പാടിയതിന് മിഖാ സിങിന് ഇന്ത്യയില്‍ വിലക്ക്..!

പാക്കിസ്ഥാനിലെ കറാച്ചിയില്‍ പാടിയതിന് ഗായകന്‍ മിഖാ സിങ്ങിനെതിരെ ഇന്ത്യന്‍ സിനിമാലോകം. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, മിഖാ സിംഗ് പണത്തിന് രാജ്യത്തിന്റെ അഭിമാനത്തേക്കാള്‍ വില നല്‍കി എന്നാണ് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ (എ.ഐ.സി.ഡബ്ല്യു.എ) വിമര്‍ശനം. മിഖാ സിങ്ങിന് ഇന്ത്യന്‍ സിനിമാവ്യവസായത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് അസോസിയേഷന്‍ രംഗത്തെത്തിയത്. വിനോദ കമ്പനികളുമായുള്ള സംഗീതപരിപാടികളില്‍ കരാര്‍ ഏര്‍പ്പെടുന്നതില്‍ നിന്നും മിഖാ സിങിനെ ബഹിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ അടുത്ത ബന്ധു പാകിസ്ഥാനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മിഖാ സിങ്ങ് പാടിയത്.

ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കി. സിനിമാ നിര്‍മ്മാണകമ്പനികള്‍, സംഗീത കമ്പനികള്‍, ഓണ്‍ലൈന്‍ മ്യൂസിക് കണ്ടന്റ് പ്രൊവൈഡര്‍മാര്‍ എന്നിവരുമായുള്ള മിഖാ സിങ്ങിന്റെ കരാറുകളെല്ലാം ബഹിഷ്‌കരിക്കണമെന്ന നിലപാടാണ് സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ എടുത്തിരിക്കുന്നതെന്ന് എ ഐ സി ഡബ്ല്യു എ പ്രസിഡന്റ് സുരേഷ് ശ്യാംലാല്‍ ഗുപ്ത ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

”ഇന്ത്യയില്‍ ആരും മിഖാ സിങ്ങിനൊപ്പം പ്രവര്‍ത്തിക്കുന്നില്ലെന്ന് എ ഐ സി ഡബ്ല്യുഎ ഉറപ്പുവരുത്തും, ആരെങ്കിലും അങ്ങനെ ചെയ്താല്‍ അവര്‍ക്ക് കോടതിയില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും,” പ്രസ്താവനയില്‍ എ ഐ സി ഡബ്ല്യു എ പറയുന്നു. ഇക്കാര്യത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഇടപെടലും അസോസിയേഷന്‍ തേടിയിരുന്നു.