
അടിയും ഇടിയും നിറഞ്ഞ പൊടിപൂരമായ സിനിമാ അനുഭവവുമായി ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കിയ ‘ആലപ്പുഴ ജിംഖാന’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ദേശീയ ബോക്‌സിങ് ചാമ്പ്യനായ ആന്റണി ജോഷ്വ എന്ന കോച്ചിന്റെയും ആലപ്പുഴ ജിംഖാനയിലെ കൂട്ടുകാരുടേയും സൗഹൃദം, പോരാട്ടം, വിജയങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇത്.
വ്യത്യസ്ത ലുക്കില്‍ എത്തിയ ലുക്ക്മാനാണ് കോച്ച് ആന്റണി ജോഷ്വയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ഷിഫാസ് അഹമ്മദ്, ഷിഫാസ് അലി, ഡേവിഡ് ജോണ്‍സണ്‍, ജോജോ ജോണ്‍സണ്‍, ഷാനവാസ് എന്നിവരുടെ സൗഹൃദത്തിലൂടെ ആരംഭിക്കുന്ന കഥ, ബോക്‌സിങ് റിങ്ങിലേക്ക് കടക്കുന്നു. സ്‌പോര്‍ട്‌സ് ക്വാട്ട വഴി കോളേജ് അഡ്മിഷന്‍ നേടാനായി ബോക്‌സിങ് പരിശീലനം തുടങ്ങുന്ന സംഘത്തിന്റെ ജീവിതമാണ് സിനിമയുടെ ഹൃദയസ്പര്‍ശിയായ അതിജീവനയാത്ര.
സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് നിഷാദ് യൂസഫ്, ആക്ഷന്‍ കോറിയോഗ്രാഫി ജോഫില്‍ ലാല്‍, കലൈ കിംഗ്‌സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അടിപൊളി ആക്ഷൻ ത്രില്ലർ ആണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്.
നസ്ലിന്‍, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ഗണപതി, ശിവ ഹരിഹരന്‍, ബേബി ജീന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക് തുടങ്ങിയ താരങ്ങളോടൊപ്പം പുതുമുഖങ്ങളായ നന്ദ നിഷാന്ത്, അനഘ രവി, നോയില ഫ്രാന്‍സി, അബുസലീം, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ആലപ്പുഴ പശ്ചാത്തലമാക്കിയ സിനിമ, ബോക്‌സിങ് എന്ന റിയാലിറ്റി സ്‌പോര്‍ട് വഴി യുവത്വത്തിന്റെ താല്പര്യങ്ങളും ജീവിതസാമൂഹിക സാഹചര്യങ്ങളും പരിശോധിക്കുന്നു. സാധാരണ പ്രമേയമെങ്കിലും മികച്ച ടെക്‌നിക്കല്‍ ക്വാളിറ്റി, ഗ്രൂവ് നിറഞ്ഞ രംഗങ്ങള്‍, തനത് മൊഴിമാറ്റങ്ങളിലൂടെ ‘ആലപ്പുഴ ജിംഖാന’ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.