തിരക്കഥാകൃത്തായും അഭിനേതാവായും മലയാള സിനിമയിലെ ശ്രദ്ധേയ വ്യക്തിത്വമാണ് മുരളി ഗോപി. രാഷ്ട്രീയ അടിയുറച്ച കഥാസന്ദർഭങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിച്ച ലൂസിഫര്‍, ടിയാന്‍, കമ്മാര സംഭവം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങൾക്ക് പിന്നിലെ ശക്തമായ കൈയ്യൊപ്പ് അദ്ദേഹത്തിന്റേതാണ്.
ഇപ്പോൾ അദ്ദേഹം സംസാരിക്കുന്നത് മലയാള സിനിമയിലെ നടന്‍മാരിൽ എക്കാലത്തെയും മികച്ചവരിലൊരാളായ തന്റെ അച്ഛനും നടനുമായ ഭരത് ഗോപിയെ കുറിച്ചാണ്. “ലോകത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് എന്റെ അച്ഛനാണ്. അദ്ദേഹത്തില്‍ ഞാന്‍ കണ്ട ഫോകസ്, കൃത്യത, വ്യത്യസ്തത—ഇവയെല്ലാം മറ്റാരിലും കണ്ടിട്ടില്ല,” എന്നാണ് മുരളി ഗോപിയുടെ വാക്കുകള്‍. ഭരത് ഗോപിയുടെ അഭിനയശൈലിക്കും ക്രാഫ്റ്റ്സിനും ഇന്നും ആരാധകരുണ്ടെന്നും, അവരുടെ അഭിപ്രായങ്ങളുമായി ഇടപഴകുന്നത് രസകരമായ അനുഭവമാണെന്നും മുരളി പറയുന്നു.
“വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തിന്റെ പേരിൽ ഞാൻ ആരംഭിച്ച ഒരു സൈറ്റിന് ഇന്നും വായനക്കാരുണ്ട്. ഇപ്പോഴും അതിലെ കമന്റുകൾ ഞാൻ വായിക്കാറുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിലിം ബീറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് മുരളി ഗോപി ഈ വാക്കുകൾ പങ്കുവെച്ചത്.