കനേഡിയന്‍ പൗരത്വം ചോദ്യം ചെയ്തവര്‍ക്ക് മറുപടിയുമായി അക്ഷയ് കുമാര്‍ രംഗത്ത്..

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിമുഖം ചെയ്തതോടെ നടനും ബോളിവുഡ് നടനും മോഡലുമായ അക്ഷയ് കുമാറിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കനേഡിയന്‍ പൗരത്വത്തിനെ സംബന്ധിച്ചാണ് വിവാദങ്ങള്‍ ഉരുത്തിരുയുന്നത്. രാഷ്ട്രീയമായി ഈ ആരോപണം അക്ഷയ് കുമാറിനെതിരെ ഉയര്‍ന്ന സാഹചര്യത്തില്‍ അക്ഷയ് കുമാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയില്ലെന്ന വാര്‍ത്ത കൂടി വന്നതോടെ കനേഡിയന്‍ പൗരത്വ പ്രശ്‌നം ശക്തമായി. എന്നാല്‍ ആരോപകര്‍ക്കെതിരെ ട്വിറ്ററിലൂടെ കനത്ത മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പൗരത്വ പ്രശ്‌നങ്ങള്‍ വിവാദമായ ഒരു തെരഞ്ഞെടുപ്പ് കാലമാണ് കഴിഞ്ഞു പോകുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായി വാര്‍ത്തകളില്‍ നിറഞ്ഞത് നടന്‍ അക്ഷയ് കുമാറാണ്. പരസ്യമായി പലപ്പോഴും പ്രധാനമന്ത്രി മോദിയോടും, ബിജെപി രാഷ്ട്രീയത്തോടും അടുപ്പം കാണിച്ചിട്ടുള്ള അക്ഷയ് കുമാര്‍ കാനഡയിലെ പൗരനാണെന്ന് സമീപകാലത്ത് വലിയ ചര്‍ച്ചയായി.

ട്വിറ്ററില്‍ ബോളിവുഡ് താരം ഇങ്ങനെ കുറിച്ചു,

”എന്റെ പൗരത്വത്തെക്കുറിച്ച് അപ്രതീക്ഷിതമായതും, വളരെ നെഗറ്റീവായതുമായ പ്രചാരണം നടക്കുന്നു. എന്റെ പാസ്‌പോര്‍ട്ട് കാനഡയുടെതാണെന്ന് കാര്യം ഞാന്‍ ഇതുവരെ മറച്ചുവച്ചിട്ടില്ല. ഒപ്പം തുല്യപ്രധാന്യമുള്ള സത്യമായ കാര്യമാണ് കഴിഞ്ഞ ഏഴുകൊല്ലമായി ഞാന്‍ കാനഡയില്‍ പോയിട്ടും ഇല്ലെന്നത്.

ഞാന്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നു. ഇവിടെ ടാക്‌സ് നല്‍കുന്നു. ഈ വര്‍ഷങ്ങളില്‍ ഒന്നും തന്നെ ഞാന്‍ ഇന്ത്യക്കാരനാണ് എന്ന് ആരോടും തെളിയിക്കേണ്ടി വന്നിട്ടില്ല. എന്റെ പൗരത്വ പ്രശ്‌നം വീണ്ടും ഒരു കാര്യവുമില്ലാതെ ചര്‍ച്ചയും വിവാദവും ആക്കുന്നതില്‍ ഞാന്‍ നിരാശനാണ്. ഇത് തീര്‍ത്തും വ്യക്തിപരമായ പ്രശ്‌നമാണ്. ഇത് നിയമവിധേയമാണ്, ഇത് രാഷ്ട്രീയമില്ലാത്ത വിഷയമാണ്. ഇത് മറ്റുള്ളവര്‍ക്ക് ഒരു ദ്രോഹവും ഉണ്ടാക്കാത്തതാണ്. അവസാനമായി, ഞാന്‍ എന്നും എന്റെ ചെറിയ വഴിയിലെ സംഭവന ഈ രാജ്യത്തെ വീണ്ടും വീണ്ടും ശക്തമാക്കുവാന്‍ ഉതകുന്ന തരത്തില്‍ തുടരാന്‍ ഉദ്ദേശിക്കുന്നു.”

എന്നാല്‍ ഈ പോസ്റ്റിന് അടിയില്‍ വലിയ ട്രോളുകളാണ് വരുന്നത്. പിന്നെ എന്തിന് മോദിക്ക് അനുകൂലമായി സംസാരിക്കുന്നു എന്നതാണ് പ്രധാന ചോദ്യം. അതേ സമയം ഞാന്‍ കാനഡക്കാരനാണ് എന്ന് പറയുന്ന പഴയ അക്ഷയ് കുമാറിന്റെ പ്രസംഗവും പലരും പോസ്റ്റുന്നുണ്ട്. ഇതേ സമയം ഒരിക്കലും കനേഡിയന്‍ പൗരന്‍ മറ്റൊരു രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കരുതെന്ന കനേഡിയന്‍ പൗരത്വ നിയമം ചിലര്‍ ഓര്‍പ്പിക്കുന്നുണ്ട്. അക്ഷയ് കുമാറിന്റെ പഴയ ചിത്രങ്ങളിലെ മീമുകള്‍ വച്ച് അനവധി ട്രോളുകളും ഈ പോസ്റ്റിന് അടിയില്‍ ഉണ്ട്.