ഷൂട്ടിങ്ങിനിടെ അപകടം : റിയല്‍ ഹീറോയായി അക്ഷയ് കുമാര്‍..!

ബോളിവുഡിന്റെ ആക്ഷന്‍ ഹീറോയായ നടന്‍ അക്ഷയ് കുമാറിനെ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത് അദ്ദേഹത്തിന്റെ എളിമ നിറഞ്ഞ വ്യക്തിത്വം തന്നെയാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ശരിക്കും താന്‍ ആക്ഷന്‍ ഹീറോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലുടെ തെളിയിച്ചിരിക്കുകയാണ് താരം. താരത്തിന്റെ പുതിയ ചിത്രമായ ഹൗസ്ഫുള്‍ 4-ന്റെ പ്രമോഷന്റെ ഭാഗമായി ഒരു റിയാലിറ്റി ഷോയില്‍ അക്ഷയ് പങ്കെടുക്കവേ, സെറ്റിലുണ്ടായ അപകടത്തില്‍ താരം രക്ഷകനാകുന്ന കാഴ്ചയാണ് ഏവരുടെയും ശ്രദ്ധ നേടിയിരിക്കുന്നത്.

മനീഷ് പോളിന്റെ ഏറ്റവും പുതിയ റിയാലിറ്റി ഷോ ആയ മൂവി മസ്തിയുടെ സെറ്റിലായിരുന്നു അപകടം. ഷോയ്ക്കിടെ സംഘട്ടനരംഗം ചെയ്യുകയായിരുന്ന അലി അസ്ഗറും ക്രൂവിലെ മറ്റൊരംഗവും. ഒരു കയറില്‍ കെട്ടി ഇരുവരും വെള്ളം നിറച്ച ഒരു ഗ്ലാസ് ടാങ്കില്‍ നിന്ന് ഉയര്‍ന്നു വരുന്നതാണ് രംഗം. പെട്ടന്ന് അലിക്കൊപ്പമുണ്ടായിരുന്ന ആള്‍ ബോധരഹിതനായി. ഇത് ശ്രദ്ധയില്‍പ്പെട്ട അലി ഉടനെ കാലുകൊണ്ട് ഒപ്പമുണ്ടായിരുന്ന ആളെ നിലത്തുവീഴാതെ താങ്ങിനിര്‍ത്താന്‍ ശ്രമിച്ചു.

അപകടം മനസ്സിലാക്കിയതോടെ എല്ലാവര്‍ക്കും ഒപ്പം ഓടിയെത്തിയ അക്ഷയ് കുമാര്‍ ടാങ്ക് സ്ഥാപിച്ച ഉയര്‍ന്ന തറയിലേയ്ക്ക് കയറി ബോധരഹിതനായ ആളുടെ തല താങ്ങിപ്പിടിച്ച് അയാളെ മടിയില്‍ കിടത്തുകയും പിന്നീട് താഴെയിറക്കുവാന്‍ സഹായിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ കൂടാതെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയാണ് താരം പിന്നീട് സെറ്റില്‍ നിന്നും ഇറങ്ങിയത്.