അക്ഷയ് കുമാര്‍ നാലാം സ്ഥാനത്ത്,ദീപികയും പ്രിയങ്കയും പുറത്ത്

ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ നാലാം സ്ഥാനത്ത് ബോളിവുഡ് താരം അക്ഷയ്കുമാറും. 65 ദശലക്ഷം ഡോളര്‍ (ഏതാണ്ട് 466 കോടി രൂപ) വരുമാനമുള്ള അക്ഷയ് കുമാര്‍ പട്ടികയില്‍ നാലാമതാണ്. 89.4 ദശലക്ഷം ഡോളര്‍ വരുമാനമുള്ള ഡ്വെയ്ന്‍ ജോണ്‍സനാണ് നടന്മാരില്‍ ഒന്നാമന്‍. ക്രിസ് ഹെംവേത്ത് (76.4 ദശലക്ഷം ഡോളര്‍), റോബര്‍ട്ട് ഡൗണി (66 ദശലക്ഷം ഡോളര്‍) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

ഇത്തവണ നടിമാരുടെ പട്ടികയില്‍ നിന്ന് ഹോളിവുഡിലെ ഇന്ത്യന്‍ താരങ്ങളായ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും പുറത്ത്. ഈ വര്‍ഷവും നടികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത് സ്‌കാര്‍ലറ്റ് ജോണ്‍സനാണ്. 56 ദശലക്ഷം ഡോളറാണ് (ഏതാണ്ട് 400 കോടി രൂപ) സ്‌കാര്‍ലെറ്റിന്റെ സമ്പാദ്യം. മൊത്തം അഭിനേതാക്കളില്‍ എട്ടാം സ്ഥാനത്താണ് സ്‌കാര്‍ലെറ്റ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15.5 ദശലക്ഷം കൂടുതല്‍ വരുമാനമാണ് ഈ വര്‍ഷം സ്‌കാര്‍ലെറ്റ് ഉണ്ടാക്കിയത്.

44.1 ദശലക്ഷം ഡോളര്‍ സമ്പാദ്യമുള്ള സോഫിയ വെര്‍ഗയാണ് രണ്ടാം സ്ഥാനത്ത്. 35 ദശലക്ഷം ഡോളര്‍ വരുമാനമുള്ള റീസ് വിതര്‍സ്പൂണ്ടോയ ലിസ്റ്റില്‍ മൂന്നാം സ്ഥാനക്കാരിയായി. നിക്കോള്‍ കിഡ്മാനും (34 ദശലക്ഷം ഡോളര്‍) ജെന്നിഫര്‍ അനിസ്റ്റണുമാണ് (28 ദശലക്ഷം ഡോളര്‍) നാലും അഞ്ചും സ്ഥാനങ്ങളില്‍.