
നിവിൻ പോളി ചിത്രം ‘സർവം മായ’ യിലേക്ക് അജു വർഗീസിനെ നിർദേശിച്ചത് നിവിൻ പോളിയാണെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ അഖിൽ സത്യൻ. നിവിനും അജുവിന്റെ തിരിച്ചുവരവ് കുറേനാളായി ആഗ്രഹിച്ചിരുന്നതാണെന്നും, അടുത്തകാലത്ത് വന്നിട്ടുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു കുടുംബചിത്രമാണ് ‘സർവം മായ’യെന്നും അഖിൽ സത്യൻ പറഞ്ഞു. കൂടാതെ നായികയുടേതായ ഭാരമൊന്നുമില്ലാത്ത, വീട്ടിലെ ഒരംഗത്തെപ്പോലെയാണ് ചിത്രത്തിലെ നായികയെന്നും, കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾത്തന്നെ ചെയ്യാൻ സമ്മതിച്ചുവെന്നും അഖിൽ സത്യൻ കൂട്ടിച്ചേർത്തു. ദുബായിൽ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അഖിൽ സത്യൻ.
“സർവം മായ എന്ന ചിത്രത്തിന്റെ വിജയനിമിഷം ഞാൻ ആസ്വദിക്കുന്നുണ്ട്. പ്രതീക്ഷിച്ച വിജയം യാഥാർഥ്യമായി. തിരക്കഥ എഴുതുന്നതിനാണ് സമയമെടുത്തിട്ടുള്ളത്. ആറുമാസം കൊണ്ട് ഷൂട്ടിങ് തീർത്ത് പടം റിലീസ് ചെയ്യാൻ സാധിച്ചു. നിവിൻ സിനിമ ചെയ്യാമെന്ന് ഏറ്റതോടെയാണ് ധൈര്യം വന്നത്. അടുത്തകാലത്ത് വന്നിട്ടുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു കുടുംബചിത്രമാണിത്. ഞാനടക്കമുള്ളവർ കണ്ട് വളർന്നിട്ടുള്ളത് അത്തരം ചിത്രങ്ങളാണ്. അത്തരം ചിത്രങ്ങൾ തിയേറ്ററുകളിലേക്കെത്തുന്നു എന്നത് വലിയൊരു സൂചനയാണ്. അജു വർഗീസിനെ ആ വേഷത്തിലേക്ക് നിർദേശിച്ചത് നിവിനാണ്. നിവിനും അജുവിന്റെ തിരിച്ചുവരവ് കുറേനാളായി ആഗ്രഹിച്ചിരുന്നതാണ്. അജുവുംകൂടി കാസ്റ്റിങ്ങിലേക്ക് വന്നതോടെ വളരെ സന്തോഷമായി.” അഖിൽ സത്യൻ പറഞ്ഞു.
“ഈ സിനിമയിലെ റിയയുടെ കഥാപാത്രത്തെ തീയേറ്ററിൽ കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നുന്ന പുതുമ കളയാതിരിക്കാനാണ് ശ്രമിച്ചത്. തീയേറ്ററിൽ അതിൻ്റെ പൂർണത കിട്ടാനാണ് റിയയുടെ പേര് ഒരിടത്തും പരാമർശിക്കാതിരുന്നത്. അതിൻ്റെ ഗുണമുണ്ടായെന്നാണ് തോന്നുന്നത്. ‘മുറ’ എന്ന ചിത്രം റിയയാണ് നിർമിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ നിർമാതാവ് എന്ന നിലയിൽ റിയയുടെ ഒരു അഭിമുഖം കാണാനിടയായി. ഞാൻ എഴുതിയ നായികയുടെ അതേ രൂപമായിരുന്നു റിയയ്ക്ക്. പിന്നെ ഇൻസ്റ്റാഗ്രാം നോക്കിയപ്പോൾ നന്നായി ഹ്യൂമർ ചെയ്യാൻപറ്റുമെന്ന് മനസിലായി. നല്ല മിടുക്കിയാണ്. ആവശ്യപ്പെട്ടപ്പോൾത്തന്നെ സിനിമ ചെയ്യാമെന്ന് പറഞ്ഞു. പുറത്തുവളർന്ന ഒരു കുട്ടിക്ക് മലയാളം വായിക്കാനറിയാം എന്നുപറഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തി. വീട്ടിലെ ഒരംഗത്തെപ്പോലെയാണ് റിയ. നായികയുടേതായ ഭാരമൊന്നുമില്ല. വാ എന്നുപറഞ്ഞാൽ വരും, പോ എന്നുപറഞ്ഞാൽ പോകും.” അഖിൽ സത്യൻ കൂട്ടിച്ചേർത്തു.
മലയാളത്തിന്റെ ഒ.ജി എന്റര്ടെയ്നര് നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചു വരവ് തന്നെയായിരുന്നു “സർവം മായ”. പഴയ നിവിൻ പോളിയെ തിരിച്ചു കിട്ടിയെന്നാണ് പ്രേക്ഷകരൊന്നടക്കം പറയുന്നത്. പരീക്ഷണങ്ങള്‍ക്ക് പിന്നാലെ പോയും മോശം തിരക്കഥകളും മൂലം തുടര്‍ച്ചയായി പരാജയം നേരിടേണ്ടി വന്ന താരമാണ് നിവിന്‍ പോളി. ഒരുകാലത്ത് ബോക്സ് ഓഫീസില്‍ നിവിന്‍ വട്ടം വെക്കാന്‍ ആരുമുണ്ടായിരുന്നില്ല. സാക്ഷാല്‍ മോഹന്‍ലാലിനെ പോലും പലവട്ടം നിവിന്‍ ക്ലാഷില്‍ പിന്നിലാക്കിയിട്ടുണ്ട്.
ഹൊറര്‍ കോമഡിയായ ചിത്രത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങളാണ്. ഒ.ജി എന്റര്‍ടെയ്നറുടെ ഒ.ജി ഫീല്‍ ഗുഡ് ചിത്രമെന്നാണ് സര്‍വ്വം മായയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍. ആദ്യ നാളുകളില്‍ വലിയ മുന്നേറ്റം തന്നെ കളക്ഷനില്‍ സ്വന്തമാക്കാന്‍ സര്‍വ്വം മായയ്ക്ക് സാധിച്ചിട്ടുണ്ടൈന്നാണ് റിപ്പോര്‍ട്ടുകൾ. കണക്കുകള്‍ പ്രകാരം ആദ്യ ദിവസം മാത്രം കേരളത്തില്‍ നിന്നും സര്‍വ്വം മായ നേടിയത് മൂന്നരക്കോടിയാണ്. ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്നും 3.05 കോടിയും റസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നും 40 ലക്ഷവും ചിത്രം നേടിയിട്ടുണ്ട്. സര്‍വ്വം മായയുടെ ആദ്യ ദിവസത്തെ ആഗോഴ കളക്ഷന്‍ എട്ട് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.