പ്രേക്ഷകരില്‍ ഭയം നിറച്ച് അവള്‍ വീണ്ടുമെത്തി.. ആകാശ ഗംഗ 2വിന്റെ പേടിപ്പിക്കും ടീസര്‍ കാണാം..

എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സംവിധായകന്‍ വിനയനും ആകാശ ഗംഗയും വീണ്ടും തിരിച്ചെത്തുകയാണ്. പ്രേക്ഷകരുടെ ഉള്ളില്‍ ഭയം നിറച്ച് പുതിയ താരങ്ങളും പുതിയ ആവിഷ്‌കാരത്തിലും ചിത്രം വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെയാണ് ടീസറിനെ വരവേറ്റത്. ഏറെ ഭീതി നിറച്ച് ഒരുക്കിയിരിക്കുന്ന ടീസറിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ആദ്യ ചിത്രത്തിന്റെ ഒരു തുടര്‍ക്കഥ പോലെയാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, രമ്യ കൃഷ്ണന്‍, പുതുമുഖം ആതിര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആകാശഗംഗ 2’. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഗോവിന്ദ്, സെന്തില്‍ കൃഷ്ണ, ഹരീഷ് കണാരന്‍, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു, റോയ് ആന്റണി, പ്രവീണ, തെസ്‌നിഖാന്‍, ശരണ്യ ആനന്ദ്, നിഹാരിക, കനകലത, വത്സല മേനോന്‍ എന്നിവരടങ്ങിയ ഒരു വലിയ താര നിര തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കാല്‍വിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ, കല: ബോബന്‍, മേക്കപ്പ്: റോഷന്‍ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്. റിലീസ് ഡെയ്റ്റ് സംബന്ധമായ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.