വക്കീല്‍ വേഷത്തില്‍ തല അജിത്തിന്റെ തിരിച്ചു വരവ്.. തരംഗമായി നേര്‍കൊണ്ട പാര്‍വൈ ട്രെയ്‌ലര്‍..!

പൊങ്കല്‍ വേളയില്‍ തിയേറ്ററുകളിലെത്തി മികച്ച വിജയം നേടിയ വിശ്വാസത്തിന് ശേഷം തല അജിത് നായകനായി ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. അജിത് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ട്രെയ്‌ലര്‍ പുറത്തിറങ്ങി ഒരു മണിക്കൂറിനകം 5 ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം പിങ്കിന്റെ (2016) തമിഴ് റീമേക്കാണ് നേര്‍കൊണ്ട പാര്‍വൈ. തന്റെ സാധാരണ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി മികച്ച ഒരു കഥയോടുകൂടിയാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. അജിത്ത് നായകനാകുന്ന അമ്പത്തൊന്‍പതാം ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ.

ശ്രദ്ധ ശ്രീനാഥും വിദ്യ ബാലനുമാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ലൈംഗീക അധിക്ഷേപത്തിന് വിധേയരായ മൂന്ന് പെണ്‍കുട്ടികള്‍ക്കെതിരെ ചുമത്തപ്പെട്ട കൊലക്കുറ്റത്തിനെതിരെ പോരാടുന്ന അഭിഭാഷകനായാണ് അജിത് ചിത്രത്തിലെത്തുന്നത്. തന്റെ ഭാര്യയും അന്തരിച്ച മുന്‍നടിയുമായ ശ്രീദേവിയുടെ ഓര്‍മ്മ അനുസ്മരിച്ചുകൊണ്ടാണ് ഭര്‍ത്താവ് ബോണി കപൂര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചിരിക്കുന്നത്.
സിനിമയില്‍ ഇവരുടെ മകള്‍ ജാന്‍വി കപൂറും അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഛായാഗ്രഹണം
നീരവ് ഷാ, സംഗീതം യുവാന്‍ ശങ്കര്‍ രാജ എന്നിവര്‍ നിര്‍വഹിക്കുന്നു. അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ ടരിയാംഗ്, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ആഗസ്റ്റ് പത്തിനാണ് നേര്‍കൊണ്ട പാര്‍വൈയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.