
റിലീസ് ചെയ്ത ഏഴ് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 200 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടി അജിത്തിന്റെ “ഗുഡ് ബാഡ് അഗ്ലി. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുന്നു.ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുപയോഗിച്ച് പക്കാ അജിത് ഫാൻസിനുള്ള ട്രീറ്റാണ്. തമിഴ്‌നാട്ടിലും കേരളത്തിലും മികച്ച റിസ്പോൺസാണ് സിനിമക്ക് ലഭിച്ചത്.
ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് നേട്ടം ഔദ്യോഗികമായി പങ്കുവെച്ചത്. കേരളത്തിൽ നിന്നുമാത്രം 3.63 കോടി രൂപയാണ് ചിത്രം ഇതിനോടകം ഗ്രോസ് ചെയ്‌തത്. വലിയ വിഷു റിലീസുകൾക്കിടയിലും അജിത്ത് ചിത്രത്തിന് ഇത്രയും മികച്ച കളക്ഷൻ നേടാനായത് ഏറെ ശ്രദ്ധേയമാണ്. മുൻപ് പുറത്തിറങ്ങിയ “വിടാമുയർച്ചി”ക്ക് കേരളത്തിൽ വലിയ നേട്ടമുണ്ടാകാൻ കഴിയാതിരുന്നതിനോട് താരതമ്യപ്പെടുത്തുമ്പോൾ, ഈ വിജയത്തിന് പ്രത്യേക പ്രസക്തിയുണ്ട്. തമിഴ്‌നാട് ബോക്സ് ഓഫിസിൽ നിന്നും മാത്രം ചിത്രം ഇതിനോടകം 100 കോടിയിലധികം ക്ലബ് ചെയ്തിരിക്കുകയാണ്. അജിത്തിന്റെ കരിയറിലെ മറ്റൊരു മൈൽസ്‌റ്റോണായാണ് “ഗുഡ് ബാഡ് അഗ്ലി” വിലയിരുത്തപ്പെടുന്നത്.
ചിത്രത്തിൽ അജിത്തിന്റെ പ്രകടനത്തിന് പുറമേ, അർജുൻ ദാസിന്റെ പെർഫോമൻസും ഏറെ പ്രശംസകൾ നേടുകയാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതവും പ്രശംസാർഹമായിരുന്നു. “മാർക്ക് ആന്റണി”യുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തൃഷ നായികയായെത്തുന്ന ചിത്രത്തിൽ പ്രഭു, പ്രസന്ന, സുനിൽ, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‌സ്ലെ, ഹാരി ജോഷ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമാനുജൻ ആണ്.