
വിജയ് യും അജിത്തും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും നല്ലബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും തുറന്നു പറഞ്ഞ് നടിയും അജിത്തിന്റെ ഭാര്യയുമായ ശാലിനി. ചെന്നൈയിൽ ജെഎഫ്‌ഡബ്ല്യു പുരസ്‌കാര വേദിയിൽ വച്ച് സംസാരിക്കുകയായിരുന്നു ശാലിനി.
“അവരുടേത് ഒരു നല്ല ബന്ധമാണ്. രണ്ടുപേരും പരസ്‌പരം വിജയങ്ങളിൽ വളരെയധികം സന്തോഷിക്കുന്നവരാണ്. അത് മനോഹരമാണ്.” ശാലിനി പറഞ്ഞു.
കഴിഞ്ഞവർഷം അജിത്തിന് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചവേളയിൽ വിജയ് അഭിനന്ദിച്ചില്ലെന്ന പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെ അജിത്തിന്റെ ടീം അത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അജിത്തിനെ ആദ്യം പ്രശംസിച്ചവരിൽ മുന്നിൽ വിജയും ഉണ്ടായിരുന്നെന്നും പ്രസ്താവനയിൽ പറഞ്ഞു. ഇരുവരും നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നതെന്നും വിജയ് ആശംസിച്ചില്ലെന്നത് തെറ്റായ പ്രചാരണമാണെന്നും വ്യക്തമാക്കിയിരുന്നു.
ഇരുവരും തമ്മിൽ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി അടുത്തിടെ സംവിധായകൻ വെങ്കട് പ്രഭുവും സാമൂഹികമാധ്യമത്തിൽ കുറിച്ചിരുന്നു. 2024-ൽ പുറത്തിറങ്ങിയ വിജയുടെ ഗോട്ട് എന്ന സിനിമ നന്നായിരിക്കട്ടെയെന്ന് അജിത്ത് ഏറെ ആഗ്രഹിച്ചിരുന്നുവെന്നാണ് വെങ്കട് പ്രഭു പറഞ്ഞത്. വിജയുടെ അവസാനചിത്രം എന്നരീതിയിൽ പുറത്തിറങ്ങിയ ഗോട്ട് മങ്കാത്തയേക്കാൾ നൂറുമടങ്ങ് മികച്ചതായിരിക്കട്ടെ എന്നാണ് അജിത്ത് പറഞ്ഞതെന്ന് വെങ്കട് പ്രഭു പറഞ്ഞു. 2011-ൽ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അജിത്ത് ചിത്രമാണ് മങ്കാത്ത.