പാ രഞ്ജിത്തിനും ആമസോണിനും എഐഎഎഡിഎംകെ നോട്ടീസ് അയച്ചു

സാര്‍പ്പട്ട പരമ്പര എന്ന ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് സംവിധായകന്‍ പാ രഞ്ജിത്തിന് നോട്ടീസ് അയച്ച് അണ്ണാ ഡ്രാവിഡ മുന്നേറ്റ കഴകം. സിനിമയിലെ വിവിധ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആരോപിച്ച് നിര്‍മ്മാതാവിനും, പടം റിലീസ് ചെയ്ത ആമസോണ്‍ പ്രൈം വീഡിയോയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് നീങ്ങുമെന്നാണ് എഐഎഡിഎംകെ നേതാവ് ജയകുമാര്‍ പറയുന്നത്. ചെന്നൈയിലെ ബോക്‌സിംഗ് സംഘങ്ങളുടെ പകയും, ദ്രാവിഡ രാഷ്ട്രീയവും എല്ലാം അടിയന്തരാവസ്ഥ കാലത്തിന്റെ പാശ്ചത്തലത്തിലാണ് ‘സാര്‍പ്പട്ട പരമ്പര’ എന്ന ചിത്രം പറയുന്നത്.

ഗുസ്തിയുമായി എംജിആര്‍ക്ക് ബന്ധമില്ല എന്ന നിലയിലാണ് ചിത്രം പറയുന്നത്. ഡിഎംകെയെ ഉയര്‍ത്തിക്കാട്ടുന്നു. മദ്യനിരോധനം കൊണ്ടുവന്നയാളാണ് എംജിആര്‍. ഇതില്‍ നിന്നെല്ലാം വിരുദ്ധമായി എംജിആറിനെ ചിത്രീകരിക്കുതയാണ് നോട്ടീസ് ആരോപിക്കുന്നു. ഡിഎംകെയുടെ പ്രചാരണ ചിത്രം എന്ന നിലയിലാണ് സാര്‍പ്പട്ട പരമ്പരയെന്നും എഐഎഡിഎംകെ ആരോപിക്കുന്നു.

ആമസോണ്‍ പ്രൈമില്‍ ഇറങ്ങിയ ‘സര്‍പ്പട്ട പരമ്പരൈ’ എഴുപതുകളുടെ ആദ്യ പകുതിയില്‍ തുടങ്ങി ഏതാണ്ട് അഞ്ച് വര്‍ഷത്തോളം നീളുന്ന നോര്‍ത്ത് മദ്രാസിലെ ബോക്സര്‍മാരുടെ കഥ പറയുന്ന സിനിമയാണ്.സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രങ്ങളുടെ ഒരു വിധം എല്ലാ ഘടകങ്ങളും കടന്നുവരുന്ന, എന്നാല്‍ അതിനുമപ്പുറത്തേക്ക് സഞ്ചരിച്ച് ഒരു സമൂഹത്തെയും കാലഘട്ടത്തെയും മനുഷ്യരെയും രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന ചിത്രമാണ് സാര്‍പ്പട്ട പരമ്പരൈ.

ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സര്‍പ്പാട്ട പരമ്പര.സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.മുരളി ജി യാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.സെല്‍വ ആര്‍ കെ ആണ് എഡിറ്റിങ്.