
വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച ‘അമ്മു-നിമ്മു’ കാർണിവലിൽ പൊക്കം കുറഞ്ഞ കലാകാരന്മാരെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടുയർന്ന സോഷ്യൽ മീഡിയ വിമർശനങ്ങൾക്കു വ്യക്തമായ മറുപടിയുമായി നടി അഹാന കൃഷ്ണ. ചടങ്ങിൽ പങ്കെടുത്തവർ അലങ്കാര വസ്തുക്കളല്ലെന്നും ഒരു ഏജൻസി വഴി ബുക്ക് ചെയ്ത പ്രഫഷനൽ കലാകാരന്മാരാണെന്നും താരം വ്യക്തമാക്കി. തനിക്കെതിരെ വന്ന വിമർശന കമന്റിന് നൽകിയ മറുപടിയിലാണ് അഹാന കാര്യങ്ങൾ വിശദീകരിച്ചത്.
കാർണിവൽ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾ ആരംഭിച്ചത്. പൊക്കം കുറഞ്ഞ മനുഷ്യരെ കൗതുകവസ്തുക്കളോ കോമാളികളോ ആയി ഉപയോഗിച്ചുവെന്നും വിനോദത്തിനായി അവരെ വസ്തുവൽക്കരിച്ചുവെന്നുമായിരുന്നു ഉയർന്ന പ്രധാന ആരോപണം.
എന്നാൽ, പ്രഫഷനൽ ജഗ്ഗ്ലർമാരെയാണ് ഏജൻസി വഴി ആവശ്യപ്പെട്ടതെന്നും ഉയരമോ ലിംഗഭേദമോ ശരീരപ്രകൃതിയോ ഇതിൽ ഒരു മാനദണ്ഡമേ ആയിരുന്നില്ലെന്നും അഹാന കുറിച്ചു. എത്തിയ കലാകാരന്മാർ തങ്ങളുടെ ചടങ്ങിൽ സന്തോഷവാന്മാരായിരുന്നുവെന്നും അവർ ഞങ്ങളുടെ പ്രഫഷനൽ കലാകാരന്മാരാണെന്നും താരം പറഞ്ഞു. കാര്യം മനസ്സിലാക്കാതെ വിധി എഴുതുമ്പോഴാണ് യഥാർത്ഥത്തിൽ ഒബ്ജക്റ്റിഫിക്കേഷൻ നടക്കുന്നതെന്നും അഹാന കൂട്ടിച്ചേർത്തു.
‘‘ഒരു ഏജൻസി വഴിയാണ് ഞങ്ങൾ ജഗ്ഗ്ലർമാരെയും കാർണിവൽ കലാകാരന്മാരെയും ബുക്ക് ചെയ്തത്. അത് പ്രഫഷണലും മാന്യവുമായ ഒരു ജോലിയാണ്. ഉയരം, ലിംഗഭേദം, അല്ലെങ്കിൽ ശരീരപ്രകൃതി എന്നിവ നോക്കി ഞങ്ങൾ ഒരിക്കലും ആരെയും ആവശ്യപ്പെട്ടിട്ടില്ല. അത് ഞങ്ങൾക്ക് ഒരു ഘടകമേ ആയിരുന്നില്ല. പ്രഫഷനൽ കലാകാരന്മാരെയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്, ഏജൻസി അവരുടെ പക്കലുള്ള ടീമിനെ അയച്ചു.” അഹാന കുറിച്ചു.
അവിടെ എത്തിയതിൽ അവർ സന്തോഷവാന്മാരായിരുന്നു, ഞങ്ങൾക്കെല്ലാവർക്കും മികച്ച ഒരു അനുഭവം ലഭിക്കുകയും ചെയ്തു. അവർ ഞങ്ങളുടെ ചടങ്ങിലെ കലാകാരന്മാരായിരുന്നു, അല്ലാതെ അലങ്കാര വസ്തുക്കളായിരുന്നില്ല. കാര്യം മനസ്സിലാക്കാതെ വിധി എഴുതുമ്പോൾ, ഒബ്ജെക്ടിഫിക്കേഷന്‍ നടത്തുന്നത് ഞങ്ങളല്ല എന്നാണ് ഞാൻ കരുതുന്നത്.’’ അഹാന കൂട്ടിച്ചേർത്തു.
അഹാനയെ പിന്തുണച്ച് നിരവധി ആളുകളാണെത്തിയത്. ഒരു തരത്തില്‍ ആ കലാകാരന്മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമല്ലേ ലഭിക്കുന്നതെന്നും മറ്റ് ജോലികളില്‍ നിന്നും മാറ്റി നിര്‍ത്തല്‍ അനുഭവിക്കുന്നവരുടെ ഉപജീവന മാര്‍ഗം കൂടി പരിഗണിക്കേണ്ടതല്ലേയെന്നും ഇവര്‍ ചോദിക്കുന്നു.
ചെയ്യുന്ന ജോലിയില്‍ വിവേചനം അനുഭവിക്കാത്തിടത്തോളം അവരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അഹാനയെ പിന്തുണച്ച് ഇവര്‍ വാദിക്കുന്നു. ചെറിയ മനുഷ്യരുടെ തൊഴിലവസരങ്ങള്‍ മുടക്കുന്നതിന് പകരം തൊഴിലിടങ്ങളില്‍ അവര്‍ വിവേചനം അനുഭവിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്താമെന്നും അഭിപ്രായങ്ങളുയര്‍ന്നു.