‘എഗൈന്‍ ജി.പി.എസി’ന്റെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി

പുത്തന്‍ പടം സിനിമാസിന്റെ ബാനറില്‍ റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം ‘എഗൈന്‍ ജി.പി.എസി’ന്റെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി. റാഫി വേലുപ്പാടത്തിന്റെ വരികള്‍ക്ക് രാഗേഷ് സ്വാമിനാഥന്‍ സംഗീതം പകര്‍ന്ന് യുവ ഗായിക സിത്താരയുടെ ശബ്ദ മാധുരിയിലൂടെയാണ് ടൈറ്റില്‍ സോങ്ങ് റിലീസായിരിക്കുന്നത്. ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ വിതരണത്തിനെത്തിച്ച മില്ലേനിയം ഓഡിയോസ് ആണ് ‘എഗൈന്‍ ജി.പി.എസി’ ന്റെ ടൈറ്റില്‍ സോങ്ങ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ കഥ, തിരക്കഥ സംവിധാനം റാഫി വേലുപ്പാടം തന്നെയാണ് നിര്‍വഹിക്കുന്നത്.

ചിത്രത്തില്‍ അജീഷ് കോട്ടയം, ശിവദാസന്‍ മാരമ്പിള്ളി, മനീഷ്, സഞ്ജു ശിവ, ലിജോ അഗസ്റ്റിന്‍, മനോജ് വലംചുസി, കോട്ടയം പുരുഷന്‍, അമ്പിളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ടി. ഷമീര്‍ മുഹമ്മദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മില്‍ജോ ജോണിയാണ്. രാഗേഷ് സ്വാമിനാഥന്‍ സംഗീതം നല്‍കിയ ഗാനങള്‍ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാര്‍, സന്നിദാനന്ദന്‍, രാഗേഷ് സ്വാമിനാഥന്‍ എന്നിവരാണ്. സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂര്‍, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ് സ്വാമി.

മലയാളത്തിലെ ശ്രദ്ധേയായ ഒരു ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാര്‍. ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. കൈരളി ടിവിയുടെ ഗന്ധര്‍വസംഗീതം സീനിയേഴ്‌സ്2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍, ജീവന്‍ ടിവിയുടെ വോയ്‌സ്2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധര്‍വന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് സിതാര കൃഷ്ണകുമാര്‍.