
മലയാള സിനിമയിൽ വീണ്ടും ചരിത്രവിജയം കുറിച്ചുകൊണ്ട് നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ച് ‘ആട് 3’. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം റിലീസ് ചെയ്ത് വെറും ഒരാഴ്ചയ്ക്കുള്ളിലാണ് 101 കോടി രൂപയുടെ ആഗോള കളക്ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ പദവിയിലേക്ക് ഉയർന്നിരിക്കുന്നത്. നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രമായ ആട് 3, വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മിച്ചത്.
ആദ്യ അഞ്ച് ദിനങ്ങൾ പിന്നിട്ടപ്പോൾ തന്നെ ചിത്രം 90 കോടിയോളം രൂപ സ്വന്തമാക്കിയിരുന്നു. കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 35 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ വീക്കെൻഡിന് ശേഷം വിദേശ രാജ്യങ്ങളിൽ കൂടുതൽ സ്‌ക്രീനുകൾ ചിത്രത്തിനായി അനുവദിച്ചിട്ടുണ്ട്.
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ എന്ന റെക്കോർഡും ഷാജി പാപ്പന്റെ ഈ മൂന്നാം വരവ് സ്വന്തമാക്കി. വൻ ജനപ്രീതിയെത്തുടർന്ന് ഓരോ ദിവസവും കേരളത്തിലും കൂടുതൽ ഷോകൾ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്.
ജയസൂര്യക്കൊപ്പം വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ചിരിയും ഫാന്റസിയും കോർത്തിണക്കിയ പക്കാ ഫൺ റൈഡായി എത്തിയ ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.