അദിതി റാവു വീണ്ടും മലയാളത്തിലേക്ക്, ‘സൂഫിയും സുജാത’യുമായി ഫ്രൈഡേ ഫിലിം ഹൗസ്

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ പുതിയ ചിത്രവുമായി വിജയ് ബാബു. സൂഫിയും സുജാതയും എന്നാണ് ചിത്രത്തിന്റെ പേര്. പ്രജാപതി എന്ന ചിത്രത്തിലൂടെ സിനിമ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ബോളിവുഡ് നടി അദിതി റാവു ഹൈദരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നായകനായെത്തുന്നത് ജയസൂര്യയാണെന്നാണ് സൂചനകള്‍. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍.

സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ, കലാരഞ്ജനി, ബാലന്‍ പാറയ്ക്കല്‍, നവാസ് വള്ളിക്കുന്ന് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ഹരി നാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ആണ് ഈണം പകരുന്നത്. അനുമൂത്തേടത്താണ് ഛായാഗ്രഹണം. ദീപു ജോസഫാണ് എഡിറ്റിംഗ്. ചിത്രത്തെക്കുറിച്ചുള്ള ബാക്കി വിവരങ്ങള്‍ സര്‍പ്രൈസാണെന്നും സെപ്റ്റംബര്‍ 20 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും വിജയ് ബാബു വ്യക്തമാക്കി. ഫ്രൈഡേ ഫിലിംസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും.