വർഷങ്ങളായി ആവശ്യപ്പെട്ട കാര്യങ്ങൾക്ക് പോലും “മൗനം”; അമ്മ’യിൽ നിന്ന് രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും

','

' ); } ?>

താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും. തിടുക്കത്തിൽ എടുത്ത തീരുമാനമല്ല ഇതെന്നും ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും ഇരുവരും സംയുക്‌ത പ്രസ്‌താവനയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. വർഷങ്ങളായി തങ്ങൾ ആവശ്യപ്പെട്ട വളരെ ലളിതമായ കാര്യങ്ങൾക്ക് പോലും മൗനമാണ് പകരം ലഭിച്ചതെന്നും, സംഘടന, അതിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ, ഒരു മാറ്റത്തിന് തയ്യാറല്ലെന്ന ആ വൈകിയ തിരിച്ചറിവും ഒരു കാരണമാണെന്നും പ്രസ്താവനയിൽ പറയുന്നു.

‘അമ്മ’യുടെ പേര് എഎംഎംഎ എന്ന് സംബോധന ചെയ്‌തുകൊണ്ടാണ് ഇരുവരും തങ്ങളുടെ നിലപാട് പരസ്യമാക്കിയത്. വളരെ നല്ല കാര്യമെന്നായിരുന്നു ഈ വിഷയത്തിൽ നടിയും ഡബ്ബിങ് ആർടിസ്‌റ്റുമായ ഭാഗ്യലക്ഷ്മിയുടെ പ്രതികരണം

രേവതിയും പത്മപ്രിയയും സംയുക്‌തമായി പങ്കുവച്ച പോസ്‌റ്ററുകളുടെ പൂർണരൂപം:

“ഇന്ന് ഞങ്ങൾ എഎംഎംഎയിൽ നിന്ന് രാജിവയ്ക്കുകയാണ്. ഇത് എഎംഎംഎയിൽ-യിൽ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അദ്ധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്‌തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തിൽ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തോടുള്ള പ്രതികരണവുമല്ല. ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ഞങ്ങളുടെ ആവശ്യം ലളിതമായിരുന്നു.

സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യ പരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങൾ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് ഞങ്ങൾ ആത്മാർഥമായി വിശ്വസിച്ചിരുന്നു. ഉത്തരം മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളിൽ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങൾ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയെയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ രാജികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിന്റെ മുഖങ്ങൾ മാറും. രീതികൾ മാറും. എന്നാൽ അസമത്വത്തിൻ്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാണ്. എഎംഎംഎ രൂപം കൊണ്ടത് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്.

എന്നാൽ പുരുഷാധിപത്യവും അധികാര മോഹവും അതിൻ്റെ സ്‌ഥാപക ലക്ഷ്യങ്ങളിൽ നിന്ന് ക്രമേണ സംഘടനയെ ദുർബലപ്പെടുത്തി. ഈ ഘട്ടത്തിൽ ഇത് ഞങ്ങളുടെ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനമാണ്. മുമ്പ് നേരിട്ട അതേ പോരാട്ടങ്ങൾ സ്ത്രീകൾക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാൻ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ല.

മികവുറ്റ ചലച്ചിത്ര ശ്രമങ്ങൾക്കായ് ഞങ്ങൾ യാത്ര തുടരും, സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാനും, നീതിയുകതമായ തൊഴിൽ മേഖല ഉറപ്പാക്കാനും. ഞങ്ങൾക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തിൽ നിന്നും രേഖപ്പെടുത്തുന്നു. സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉറച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങൾ വിട പറയുന്നു. ഇനി തിയറ്ററുകളിൽ കാണാം,  രേവതി, പത്മപ്രിയ “