നടി സാവിത്രി ശ്രീധരൻ അന്തരിച്ചു; ‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ വേഷത്തിലൂടെ ശ്രദ്ധേയ

','

' ); } ?>

ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. നാൽപ്പത് വർഷത്തിലേറെയായി നാടകവേദിയിൽ സജീവമായിരുന്ന അവർ, 2018-ൽ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മയുടെ വേഷത്തിലൂടെയാണ് ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

എം.ടി. വാസുദേവൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കടവ്’ എന്ന ചിത്രത്തിലൂടെയാണ് സാവിത്രി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട, പപ്പൻ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ വേഷമിട്ടു. കെ.ടി. മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ തുടങ്ങിയ പ്രമുഖ നാടകസമിതികളുടെ ആയിരക്കണക്കിന് വേദികളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നാടകവേദിയിൽ തന്റേതായ ഇടം അടയാളപ്പെടുത്തി.

മികച്ച നടിക്കുള്ള സംസ്ഥാന നാടക പുരസ്‌കാരം 1977-ലും 1993-ലും സ്വന്തമാക്കിയ സാവിത്രി ശ്രീധരന് സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ‘സുഡാനി ഫ്രം നൈജീരിയ’യിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശവും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അവരെ തേടിയെത്തി.