
തന്റെ ഉയര്‍ന്ന ഐക്യു ലെവല്‍ കാരണം പ്രേക്ഷകരുടെ മനസില്‍ വിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി റിമ കല്ലിങ്ങൽ. കൂടാതെ താനൊരു ആര്‍ട്ടിസ്റ്റായതു കൊണ്ടാണ് ആക്ടിവിസ്റ്റാകാന്‍ സാധിച്ചതെന്നും, തനിക്ക് പ്രേക്ഷകരില്‍ നിന്നും സ്‌നേഹം മാത്രമാണ് ലഭിക്കുന്നതെന്നും റിമ കല്ലിങ്ങൽ കൂട്ടിച്ചേർത്തു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
“പലരും അടിച്ചമര്‍ത്താനും വിലകുറച്ചുകാണിക്കാനുമൊക്കെ ശ്രമിക്കാറുണ്ട്. ഒരു സ്ത്രീ മുന്നേറ്റത്തിന്റെ ഭാഗമായതു കൊണ്ടു തന്നെ അത്തരം പല ശ്രമങ്ങളുടേയും ഇരയാകേണ്ടി വന്നു. ഉയര്‍ന്ന ഐക്യു ലെവല്‍ കാരണമാകാം ആരെന്ത് പറഞ്ഞാലും എനിക്ക് പ്രേക്ഷകരുടെ മനസില്‍ വിശ്വാസം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നെ മനസിലാക്കാനാണ് കൂടുതലും ആളുകള്‍ ശ്രമിക്കാറുള്ളത്. അതൊരു ഭാഗ്യവും അനുഗ്രഹവുമായി കരുതുന്നു. ഞാനൊരു ആർട്ടിസ്റ്റാണ് അത് കൊണ്ടാണ് ഒരു ആക്ടിവിസ്റ്റാകാന്‍ എനിക്ക് സാധിച്ചത്”. റിമ കല്ലിങ്ങൽ പറഞ്ഞു.
റിമയുടെ ഏറ്റവും പുതിയ ചിത്രം “തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി”ഒക്ടോബർ 16-ന് തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിലെ പ്രകടനത്തിന് റിമയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക് അവാർഡ് ലഭിച്ചിരുന്നു. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെത് എന്നാണ് ലഭിക്കുന്ന വിവരം. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.