
സിനിമാരംഗത്തെ തൻ്റെ തുടക്കകാലത്തുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി രേണുക ഷഹാനെ. “കൂടെ ജീവിക്കാൻ എല്ലാ മാസവും സ്റ്റൈപ്പെൻഡ് നൽകാമെന്ന് ഒരു നിർമ്മാതാവ് പറഞ്ഞുവെന്നും, ഇത്തരം പെരുമാറ്റങ്ങളെ എതിർക്കുന്നതിന് ഒരു വില നൽകേണ്ടി വരുമെന്നും” രേണുക പറഞ്ഞു. കൂടാതെ ഒരാളുടെ മോശം സമീപനത്തെ നിരസിക്കുമ്പോൾ, അവർ പ്രതികാരം ചെയ്യുകയും നിങ്ങളെ സിനിമകളിൽ എടുക്കരുതെന്ന് മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്യുമെന്നും രേണുക കൂട്ടിച്ചേർത്തു. സൂമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“വിവാഹിതനായ ഒരു നിർമ്മാതാവ് ഒരു സാരി കമ്പനിയുടെ ബ്രാൻഡ് അംബാസഡറാകാൻ ആവശ്യപ്പെട്ടു. കൂടാതെ അയാളോടൊപ്പം ജീവിക്കുന്നതിന് എല്ലാ മാസവും ഒരു സ്റ്റൈപ്പെൻഡ് നൽകാമെന്ന് പറയുകയും ചെയ്‌തു. ഇതുകേട്ട ഞാനും അമ്മയും സ്‌തബ്‌ധരായിപ്പോയി. ആ വാഗ്‌ദാനം നിരസിച്ചപ്പോൾ, ആ നിർമ്മാതാവ് മറ്റൊരാളെ സമീപിച്ചു. ഇത്തരം പെരുമാറ്റങ്ങളെ എതിർക്കുന്നതിന് ഒരു വില നൽകേണ്ടി വരും.” രേണുക പറഞ്ഞു.
“ചിലപ്പോൾ, നമ്മൾ ഒരാളുടെ മോശം സമീപനത്തെ നിരസിക്കുമ്പോൾ, അവർ പ്രതികാരം ചെയ്യുകയും നമ്മളെ സിനിമകളിൽ എടുക്കരുതെന്ന് മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്യും. അതാണ് അപകടം. എനിക്ക് അത് സംഭവിച്ചിട്ടില്ല, പക്ഷേ അത് സംഭവിക്കാം. ആളുകളെ പ്രോജക്റ്റുകളിൽ നിന്ന് നീക്കം ചെയ്യുകയോ, കൂടുതൽ ഉപദ്രവിക്കുകയോ, അല്ലെങ്കിൽ ചിലപ്പോൾ അവരുടെ ജോലിയുടെ പ്രതിഫലം പോലും നിഷേധിക്കുകയോ ചെയ്തിരുന്നു. അതിജീവിച്ചവരെ കൂടുതൽ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഒരു സംഘമാണിത്. രവീണ ടണ്ഠൻ ഒരു വലിയ നായികയായിരുന്നു, സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് വന്നത്. പക്ഷേ, ഔട്ട്‌ഡോർ ഷൂട്ടിംഗിനിടെ ഏത് മുറിയിലാണ് താമസിക്കുന്നതെന്ന് ആർക്കും അറിയാതിരിക്കാനായി എല്ലാ ദിവസവും മുറികൾ മാറുമായിരുന്നുവെന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്.” രേണുക കൂട്ടിച്ചേർത്തു.
ആപ്കെ ഹേ കോൻ, ദൂസരി ഗോഷ്ഠ, ഹൈവേ, ത്രിഭംഗ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് രേണുക ഷഹാനെ.
‘ദുപഹിയ’ എന്ന വെബ് സീരീസിലാണ് രേണുക ഷഹാനെ ഒടുവിൽ അഭിനയിച്ചത്.