
ഷൂട്ടിങ് സെറ്റുകളിലെ സംവിധായകരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ബോളിവുഡിൽ താൻ നേരിട്ട വിവേചനത്തെക്കുറിച്ചും തുറന്ന് സംസാരിച്ച് നടി റെജീന കസാൻഡ്ര. മൈക്കിലൂടെ എല്ലാവരുടെയും മുന്നിൽ വെച്ച് അസഭ്യം പറയുന്ന സംവിധായകർക്കൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്നും, ബോളിവുഡിൽ താൻ ദക്ഷിണേന്ത്യക്കാരിയായതിന്റെ പേരിൽ വിവേചനം നേരിട്ടിട്ടുണ്ടെന്നും റെജീന പറഞ്ഞു. ഹിന്ദുസ്ഥാൻ ടെെംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഷൂട്ടിങ് സെറ്റുകളിൽ മൈക്കിലൂടെ എല്ലാവരുടെയും മുന്നിൽ വെച്ച് അസഭ്യം പറയുന്ന സംവിധായകർക്കൊപ്പം ഞാൻ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തനായ വ്യക്തിയാണ് സംവിധായകൻ മധുർ ഭണ്ഡാർക്കർ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദ് വൈവ്‌സിൽ അഭിനയിക്കുമ്പോൾ അദ്ദേഹം ഒരിക്കൽ പോലും നിയന്ത്രണം വിടുന്നത് കണ്ടിട്ടില്ല. എപ്പോഴും പോസിറ്റീവായും ഊർജ്ജസ്വലനായും എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലുമാണ് അദ്ദേഹം പെരുമാറുന്നത്.”
“ബോളിവുഡിൽ ഞാൻ ദക്ഷിണേന്ത്യക്കാരിയായതിന്റെ പേരിൽ വിവേചനം നേരിട്ടിട്ടുണ്ട്. വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവർത്തികൾ കൊണ്ടും തരംതാഴ്ത്തുന്ന രീതിയിലുള്ള പെരുമാറ്റം പലരിൽ നിന്നും ഉണ്ടായി. ഇത് തന്നെ മാനസികമായി ബാധിച്ചിരുന്നു. ഇത്തരത്തിലുള്ള മോശം മനോഭാവം കാരണം തുടക്കത്തിൽ എനിക്ക് ചില ആശങ്കകൾ ഉണ്ടായിരുന്നു.” റെജീന കൂട്ടിച്ചേർത്തു.
2005 ൽ കണ്ട നാൾ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് റെജീന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ഏക് ലഡ്‌കി കോ ദേഖാ തോ ഐസാ ലഗാ എന്ന ചിത്രത്തിലൂടെയാണ് റെജീന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഫർസി, റോക്കറ്റ് ബോയ്സ് തുടങ്ങിയ ഒടിടി ഷോകളിലും റെജീന പങ്കെടുത്തിട്ടുണ്ട്.