‘രശ്മികയ്ക്ക് അഭിനയിക്കാന്‍ അറിയില്ല’; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചർച്ചയക്ക് വഴിയൊരുക്കി ‘ഥാമ’

','

' ); } ?>

ബോളിവുഡ് ഹൊറർ കോമഡി ചിത്രം, ‘ഥാമ’ റിലീസിനു പിന്നാലെ രൂക്ഷമായ വിമർശനങ്ങൾ നേരിട്ട് നടി രശ്‌മിക മാന്ദാന. ചിത്രത്തിലെ രശ്‌മികയുടെ പ്രകടനത്തിനാണ് സൈബർ ഇടങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നത്. ‘രശ്മികയ്ക്ക് അഭിനയിക്കാന്‍ അറിയില്ല’ എന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. കഥാപാത്രത്തിന് ആഴമോ വൈകാരിക വ്യാപ്തിയോ കൊണ്ടുവരുന്നതിൽ നടി പരാജയപ്പെട്ടുവെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഇതിനു പിന്നാലെ, നടിയെ പ്രതിരോധിച്ച് ആരാധകർ എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ‘ഥാമ’ ചൂടേറിയ ചർച്ചയായിരിക്കുകയാണ്.

ഓണ്‍ലൈനില്‍ സിനിമയെപ്പറ്റിയുള്ള അഭിപ്രായം പങ്കുവച്ചവരില്‍ ഒരു കൂട്ടർ രശ്മികയുടേത് മികച്ച പ്രകടനമാണെന്നാണ് അഭിപ്രായപ്പെടുന്നത്. സമകാലിക ബോളിവുഡ് നടിമാരിൽ ഇല്ലാത്ത പല ഗുണങ്ങളും രശ്മികയ്ക്ക് ഉണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ‘ഓവർഹൈപ്പ്’ ആണ് ഇപ്പോള്‍ ഉയരുന്ന വിമർശനങ്ങള്‍ക്ക് കാരണം എന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇത്തരം വിമർശനങ്ങള്‍ ഉയരുമ്പോഴും രശ്മികയെ ഭാഗ്യ നായികയായാണ് നിർമാതാക്കള്‍ കാണുന്നത് എന്നതും ശ്രദ്ധേയമാണ്.

അയുഷ്മാന്‍ ഖുറാന, രശ്മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ബോളിവുഡ് ഹൊറർ കോമഡി ചിത്രമാണ് ‘ഥാമ’. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. റിലീസിന് പിന്നാലെ, ‘ഥാമ’യുടെ ഛായാഗ്രഹണം, ഇമോഷണല്‍ സീനുകള്‍, അയുഷ്മാൻ ഖുറാനയുടെയും രശ്മികയുടെയും പ്രകടനങ്ങൾ എന്നിവയ്ക്ക് പ്രശംസ ലഭിച്ചിരുന്നു.

മാഡ്ഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് ‘ഥാമ’. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ യൂണിവേഴ്സിൽ ഇതിനുമുൻപ് വന്ന ചിത്രങ്ങൾ. ആദിത്യ സർപോത്ദാർ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രത്തിൽ പരേഷ് റാവൽ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരും പ്രധാന വേഷത്തിലുണ്ട്.