
സൈബർ ആക്രമണം നേരിട്ടതിനെതിരെ ബെംഗളൂരു പോലീസ് കമ്മിഷണർക്ക് പരാതി നൽകി നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യ(ദിവ്യ സ്പന്ദന). പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. രേണുകാസ്വാമി കൊലക്കേസിൽ പ്രതിയായ നടൻ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ സുപ്രീംകോടതി വിമർശിച്ചതുമായി ബന്ധപ്പെട്ട് രമ്യ സാമൂഹികമാധ്യമത്തിൽ അഭിപ്രായം പോസ്റ്റ് ചെയ്തെത്തിനു പിന്നാലെയായിരുന്നു ആക്രമണം. രമ്യയെ അധിക്ഷേപിച്ചവരുടെ പേരിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്ക്ക് കത്തു നൽകിയിരുന്നു.
രേണുകാസ്വാമിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു രമ്യയുടെ പോസ്റ്റ്. ദർശന്റെ ആരാധകരാണ് രമ്യക്കുനേരേ സൈബർ ആക്രമണം നടത്തിയതെന്നാണ് പരാതി. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ആഭാസംനിറഞ്ഞ സന്ദേശങ്ങൾ അയക്കുകയും ചെയ്തുവെന്നാണ് രമ്യയുടെ പരാതി.
പരാതി നൽകിയതിന് പിന്നാലെ രമ്യയെ പിന്തുണച്ച് നടൻ ശിവരാജ്കുമാറും ഭാര്യയും കോൺഗ്രസ് നേതാവുമായ ഗീതാ ശിവരാജ്കുമാറും രംഗത്തെത്തിയിട്ടുണ്ട്. രമ്യക്കെതിരേ നടന്ന അധിക്ഷേപത്തെ അപലപിക്കുന്നതായി ഇരുവരും സാമൂഹികമാധ്യമമായ എക്സിൽ കുറിച്ച സന്ദേശത്തിൽ പറഞ്ഞു.