
സിനിമ മേഖലയിലെ പ്രതിഫലത്തെക്കുറിച്ചുള്ള തൻ്റെ സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി പ്രിയാമണി. സിനിമയിൽ ലിംഗപരമായ വേതനം സത്യമാണെന്നും, സ്വന്തം വിപണിമൂല്യം എന്താണെന്ന് തിരിച്ചറിഞ്ഞ് പ്രതിഫലം ചോദിക്കണമെന്നും പ്രിയാമണി പറഞ്ഞു. കൂടാതെ താൻ അർഹിക്കുന്ന പ്രതിഫലം താൻ ആവശ്യപ്പെടുമെന്നും, എന്നാൽ അനാവശ്യമായ ഉയർന്ന നിരക്കിലുള്ള പ്രതിഫലം താൻ ചോദിക്കില്ല എന്നും പ്രിയാമണി വ്യക്തമാക്കി. സിഎൻഎൻ ന്യൂസ്-18 ഷോയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു താരം.
“നിങ്ങളുടെ വിപണി മൂല്യം എന്താണോ, അത് നിങ്ങൾ ചോദിക്കണം, അതിനനുസരിച്ച് നിങ്ങൾക്ക് പ്രതിഫലം ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ പുരുഷ സഹതാരത്തേക്കാൾ കുറഞ്ഞ പ്രതിഫലം എനിക്ക് ലഭിച്ച സമയങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും അത് എന്നെ അലട്ടുന്നില്ല. ഇപ്പോൾ എൻ്റെ വിപണി മൂല്യവും എൻ്റെ വിലയും എനിക്കറിയാം. ഇതെൻ്റെ അഭിപ്രായവും അനുഭവവുമാണ്. ഞാൻ അർഹിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്ന പ്രതിഫലം ഞാൻ ആവശ്യപ്പെടും. അനാവശ്യമായ ഉയർന്ന നിരക്കിലുള്ള പ്രതിഫലം ഞാൻ ചോദിക്കില്ല,” പ്രിയാമണി പറഞ്ഞു.
ഇതിനു മുന്നേ ദീപിക പദുകോൺ, ആലിയ ഭട്ട്, കങ്കണ റണൗട്ട്, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര ജോനാസ്, തപ്സി പന്നു, റിച്ച ഛദ്ദ തുടങ്ങിയ താരങ്ങളെല്ലാം സിനിമയിലെ ലിംഗപരമായ വേതനത്തെ കുറിച്ച് തുറന്നു സംസാരിച്ചിട്ടുണ്ട്. കങ്കണ തപ്സി പോലുള്ള നായികമാർ ബോളിവുഡിൽ സ്ത്രീകളെ വ്യവസ്ഥാപിതമായി വിലകുറച്ച് കാണുന്നതിനെകുറിച്ച് സംസാരിച്ചപ്പോൾ ദീപികയെയും പ്രിയങ്കയെയും പോലുള്ള ചിലർ തങ്ങളുടെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കി വിലപേശുന്നതിനെ കുറിച്ചാണ് സംസാരിച്ചത്.
മലയാളത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് പ്രിയാമണി ഒടുവിൽ വേഷമിട്ടത്. മനോജ് ബാജ്പേയിയോടൊപ്പമുള്ള ‘ഫാമിലി മാൻ സീസൺ 3’-യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.