“ഇവരൊക്കെ യഥാർത്ഥത്തിൽ നായകന്മാരായിരുന്നെങ്കിൽ”; ട്രാൻസ്ജെൻഡർ ബില്ലിനെതിരെ പ്രതിഷേധിച്ച് നടി നേഘ ഷാഹിൻ

','

' ); } ?>

ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണ) ഭേദഗതി ബിൽ ലോക്സഭ പാസാക്കിയതിനു പിന്നാലെ രൂക്ഷ വിമർശനവുമായി നടി നേഘ ഷാഹിൻ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ആദ്യ ട്രാൻസ് വനിതയാണ് നേഘ ഷാഹിൻ. നടൻമാരായ വിജയ് സേതുപതി, രാഘവ ലോറൻസ്, കാളിദാസ് ജയറാം എന്നിവർ ട്രാൻസ്‌ജെൻഡർ ബില്ലിനെ പരസ്യമായി എതിർത്തതിനു പിന്നാലെയാണ് നേഘയുടെ പ്രതികരണം. ഈ അഭിനേതാക്കളെല്ലാം ട്രാൻസ്‌ജെൻഡർ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്‌ക്രീനിൽ ട്രാൻസ്‌ജെൻഡർ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും, അവർ യഥാർത്ഥ ജീവിതത്തിൽ നായകന്മാരാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും നേഘ കുറിച്ചു. ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“ഇത് ശരിക്കും അതിശയകരമായ ഒരു വാർത്തയാണ്. അങ്ങനെ സംഭവിച്ചാൽ എത്ര നല്ലതായിരിക്കും അല്ലേ ?. ഈ അഭിനേതാക്കളെല്ലാം ട്രാൻസ്‌ജെൻഡർ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്‌ക്രീനിൽ ട്രാൻസ്‌ജെൻഡർ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവർ യഥാർത്ഥ ജീവിതത്തിൽ നായകന്മാരാകുമെന്നും മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. നിശബ്ദത ഐക്യദാർഢ്യമല്ല!.” നേഘ ഷാഹിൻ കുറിച്ചു

ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണ) ഭേദഗതി ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ഉയർത്തിയ ആശങ്കകളും എതിർപ്പുകളും വകവെക്കാതെയാണ് കേന്ദ്രം ട്രാൻസ്ജെൻഡർ പേഴ്സൺ ഭേദഗതി ബില്ല് പാസാക്കിയത്. ട്രാൻസ്ജെൻഡർ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാഘവ ലോറൻസ്, വിജയ് സേതുപതി, കാളിദാസ് ജയറാം എന്നിവരെയും അവർ വിമർശിച്ചു.

ട്രാൻസ്‌ജെൻഡർ ബിൽ ഉടൻ പാസാക്കുമെന്ന വാർത്ത പുറത്തുവന്നതു മുതൽ നേഘ അതിനെതിരെ സോഷ്യൽ മീഡിയയിൽ സജീവമായി പോസ്റ്റുകൾ ഇടുന്നുണ്ട്. ‌സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലാണ് ട്രാൻസ് വ്യക്തിയായി വിജയ് സേതുപതി എത്തിയത്. പാവ കഥൈകൾ എന്ന ചിത്രത്തിൽ കാളിദാസ് ജയറാമും കാഞ്ചന എന്ന ചിത്രത്തിൽ രാഘവ ലോറൻസും ട്രാൻസ് കഥാപാത്രങ്ങളായെത്തി. മൂന്ന് പേരുടെയും കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ക്വീർ കാസ്റ്റിങ് എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് നേ​ഘ. അന്തരം എന്ന മലയാള ചിത്രത്തിലെ ‌‌അഭിനയത്തിനാണ് നേഘയെ തേടി സംസ്ഥാന പുരസ്കാരമെത്തിയത്. തൃഷ പ്രധാന വേഷത്തിലെത്തിയ ദ് റോഡ് എന്ന ചിത്രത്തിലും നേഘ സുപ്രധാന കഥാപാത്രമായി എത്തിയിരുന്നു.