“തലയില്‍ ബിയര്‍ കുപ്പി അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണി പെടുത്തി, ആറ് വര്‍ഷമായി റെയ്ജൻ ആരാധികയില്‍ നിന്നും ദുരനുഭവം നേരിടുന്നു”; മൃദുല വിജയ്

','

' ); } ?>

നടന്‍ റെയ്ജന്‍ രാജന് ആരാധികയില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി മൃദുല വിജയ്. കഴിഞ്ഞ ആറ് വര്‍ഷമായി റെയ്ജന് യുവതി മോശം മെസ്സേജുകൾ അയക്കുന്നുണ്ടെന്നും, ക്ഷമ മുഴുവൻ നശിച്ചപ്പോൾ പ്രതികരിച്ച് തുടങ്ങിയെന്നും മൃദുല പറഞ്ഞു. കൂടാതെ ഇരുവരും ഒരുമിച്ചഭിനയിക്കുന്ന പരമ്പരയുടെ ലൊക്കേഷനിലടക്കമെത്തി യുവതി ശല്യം ചെയ്യുന്നുണ്ടെന്ന് മൃദുല കൂട്ടിച്ചേർത്തു. തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് മൃദുല ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

“കഴിഞ്ഞ ആറ് വര്‍ഷമായി ഞങ്ങളുടെ സെറ്റില്‍ വരുന്നൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് റെയ്ജന്‍ ചേട്ടന് സ്ഥിരമായി മെസേജ് അയക്കുന്നു. വളരെ മോശമായ മെസേജുകളാണ് അയക്കുന്നത്. പ്രതികരിക്കാതെ വന്നതോടെ അവര്‍ ട്രിഗര്‍ ആകുന്നു. പല പല ഫോണ്‍ നമ്പറില്‍ നിന്നും വിളിച്ച് ചീത്ത വിളിക്കുന്നു. പിന്നെ വിളിച്ച് സോറി പറയുന്നു. വീണ്ടും വൃത്തികെട്ടതും സെക്ഷ്വലുമായ മെസേജ് അയക്കുന്നു. അഞ്ചാറ് വര്‍ഷമായി ഇത് തുടങ്ങിയിട്ട്. പക്ഷെ തുടര്‍ച്ചയായി വരാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഞങ്ങളുടെ ലൊക്കേഷനില്‍ രണ്ട് സംഭവങ്ങളുമുണ്ടായി. ഇത്രയും വര്‍ഷമായി നടക്കുന്നൊരു കാര്യമായിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നാകും എല്ലാവരും ചോദിക്കുക. ശരിക്കും നമ്മുടെ ഇവിടുത്തെ നിയമമാണ് കാരണം എന്ന് പറയേണ്ടി വരും. ഒരു പെണ്ണ് സംസാരിച്ചാല്‍ അവളെ പിന്തുണച്ച് ഒരുപാട് പേര്‍ വരും. പകരം ഒരു ആണ് തന്നെ ഒരു പെണ്ണ് പിന്തുടരുന്നുവെന്നും മെസേജ് അയക്കുന്നുവെന്നും പറഞ്ഞാല്‍ അതിനെ പിന്തുണയ്ക്കാന്‍ ആള്‍ക്കാരുണ്ടാകില്ല.” മൃദുല പറഞ്ഞു

“പ്രതികരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ. ക്ഷമ മുഴുവന്‍ തീര്‍ന്നതോടെയാണ് പ്രതികരിക്കാന്‍ തുടങ്ങിയത്. പ്രതികരിക്കാന്‍ തുടങ്ങിയ ശേഷം വന്നൊരു മെസേജ് ഞാന്‍ അങ്ങനൊന്നും ചെയ്തിട്ടില്ല, ആവശ്യമില്ലാതെ എന്റെ പേര് ഉപയോഗിക്കരുത്, എനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല എന്നാണ്. ലൈവ് ആയിട്ട് രണ്ട് സംഭവങ്ങള്‍ കണ്ടിട്ടുള്ള ആളാണ് ഞാന്‍. ഒരു തവണ ലൊക്കേഷനില്‍ റെയ്ജന്‍ ചേട്ടന്റെ അടുത്ത് അവര്‍ സംസാരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം സംസാരിക്കാന്‍ കൂട്ടാക്കാതെ എഴുന്നേറ്റ് പോയി. അപ്പോള്‍ അവര്‍ റെയ്ജന്‍ ചേട്ടന്റെ ഷര്‍ട്ട് പിടിച്ച് വലിക്കുന്നത് ഞങ്ങള്‍ കണ്ടു. നമ്മുടെ കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിന്, നമുക്ക് അറിയുന്നൊരാള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ അവരെ പിന്തുണയ്ക്കണം എന്നതിനാലാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. നീ എന്നെ ഗൗനിച്ചില്ലെങ്കില്‍ തലയില്‍ ബിയര്‍ കുപ്പി അടിച്ച് പൊട്ടിക്കും എന്നാണ് അവര്‍ മെസേജ് അയച്ചത്. ഭീഷണിപ്പെടുത്തുന്ന മെസേജുകളാണ് അയക്കുന്നത്. ഇതൊട്ടും സേഫല്ല. ഇന്ന് ഡയറി മില്‍ക്കുമായി വന്നവര്‍ക്ക് നാളെ ആസിഡ് എടുത്തൊഴിക്കാന്‍ സാധിച്ചേക്കും.” മൃദുല കൂട്ടിച്ചേർത്തു.