
‘വിശ്വാസികൾ’ എന്നു കരുതുന്നവരിൽ ചിലർ തന്നെയാണ് നിരീശ്വരവാദികളെന്ന് അഭിപ്രായം പങ്കുവെച്ച് നടി മീനാക്ഷി അനൂപ്. കൂടാതെ ദൈവത്തോട് അടുത്തു നിൽക്കുന്നവരാണെന്നു കരുതുന്ന വിശ്വാസികളിൽ ചിലർ ദൈവ മുതൽ മോഷ്ടിക്കുമ്പോഴും കുട്ടികളുൾപ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോഴും അവരെയോ അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. നിരീശ്വരവാദിയാണോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിമിഷ നേരം കൊണ്ടാണ് കുറിപ്പ് വൈറലായിരിക്കുന്നത്.
“നിരീശ്വരവാദിയാണോ എന്ന ചോദ്യത്തിന് ‘റാഷണലാണ് ‘എന്നാണുത്തരം. ദൈവത്തോട് കൂടുതൽ അടുത്ത് നില്ക്കുന്നുവെന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലർ തന്നെയാണ് യഥാർത്ഥ നിരീശ്വരവാദികൾ. അവർ ദൈവ മുതൽ മോഷ്‌ടിക്കുമ്പോൾ, കുട്ടികളുൾപ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോൾ ഒക്കെയും കൃത്യമായും അവർക്കറിയാം അവരെയോ അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ല അഥവാ അങ്ങനെയൊന്നില്ല എന്നു തന്നെ”. മീനാക്ഷി അനൂപ് കുറിച്ചു.
“പൊതുവെ നിരീശ്വരവാദികൾ എന്നു പറഞ്ഞു നടക്കുന്നവർ വല്യ ശല്യമുണ്ടാക്കിയതായി അറിവില്ല. ശാസ്ത്ര ബോധം ജീവിതത്തിൻറെ ക്വാളിറ്റി മെച്ചപ്പെടുത്താനും ചുറ്റുപാടുകളെ ശരിയായി മനസ്സിലാക്കാനും എന്നെ ഏറെ സഹായിക്കുന്നു. അത് പക്ഷെ എനിക്ക് ചുറ്റുമുള്ള മറ്റുള്ളവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്. മതബോധങ്ങൾക്കോ ദൈവബോധങ്ങൾക്കോ തുടങ്ങി ഒന്നിനും”. മീനാക്ഷി അനൂപ് കൂട്ടിച്ചേർത്തു.
നിരവധിപേരാണ് മീനാക്ഷിയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ‘കലാരംഗത്ത് പ്രവർത്തിക്കുന്ന, ഈ പ്രായത്തിൽ ഇങ്ങനെ ഇത്രയും നല്ല നിലപാടോടുകൂടി നിൽക്കുന്ന ഒരാൾ വേറെയില്ല, ഇങ്ങനെയൊക്കെ എഴുതണമെങ്കിൽ ധൈര്യം വേണം, കൃത്യമായ നിരീക്ഷണമാണ് മീനാക്ഷി നടത്തിയത്, ഈ ചെറിയ പ്രായത്തിൽ തന്നെ യാഥാർഥ്യം തിരിച്ചറിയുന്നതിനെ അഭിനന്ദിക്കുന്നു. എന്നിങ്ങനെയാണ് കമന്റുകൾ.