
നടി സൗന്ദര്യ അപകടത്തിൽ പെട്ട വിമാനത്തിൽ താനും ഉണ്ടാകേണ്ടതായിരുന്നെന്ന് വെളിപ്പെടുത്തി നടി ‘മീന’. അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് തന്റെ സുഹൃത്തും അന്തരിച്ച നടിയുമായ സൗന്ദര്യയെക്കുറിച്ച് മീന തുറന്നു സംസാരിച്ചത്. ‘ആരോഗ്യപരമായ മത്സരമായിരുന്നു തങ്ങൾക്കിടയിലുണ്ടായിരുന്നതെന്നും, സൗന്ദര്യയുടെ മരണവാർത്തയറിഞ്ഞ് നടുങ്ങിയെന്നും മീന പറഞ്ഞു.
‘വളരെ കഴിവുള്ള അത്ഭുതം നിറഞ്ഞ വ്യക്തിയായിരുന്നു സൗന്ദര്യ. തൻ്റെ വളരെ അടുത്ത സുഹൃത്തായിരുന്നു അവർ. സൗന്ദര്യയുടെ പെട്ടെന്നുള്ള മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. ഇന്നുവരെ, ആ ഞെട്ടലിൽ നിന്ന് പൂർണ്ണമായി കരകയറാൻ തനിക്ക് കഴിഞ്ഞിട്ടില്ല. അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ, എനിക്ക് രാഷ്ട്രീയവും തിരഞ്ഞെടുപ്പ് പ്രചാരണവും ഇഷ്ടമല്ലാത്തതുകൊണ്ട്, ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞ് ഞാൻ അത് ഒഴിവാക്കി. അതിനുശേഷം സംഭവിച്ച കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ തകർന്നുപോയി.” മീന പറഞ്ഞു
2004 ഏപ്രിൽ 17-നാണ് ബെംഗളൂരുവിനടുത്ത് ജക്കൂരിൽ നടി സൗന്ദര്യ വിമാനാപകടത്തിൽ മരിക്കുന്നത്. മരിക്കുമ്പോൾ 32 വയസായിരുന്നു ‘സൗമ്യ എന്ന സൗന്ദര്യയ്ക്ക്. ദുരന്തം നടക്കുമ്പോൾ സൗന്ദര്യ ബിജെപിയിൽ ചേർന്നിട്ട് അധികകാലമായിട്ടുണ്ടായിരുന്നില്ല. കൃത്യം ഒരുവർഷം മുമ്പായിരുന്നു വിവാഹം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിനടുത്ത കരിം നഗറിലേക്ക് പോവുകയായിരുന്നു സൗന്ദര്യയും കൂട്ടരും. അഗ്നി ഏവിയേഷൻ്റെ നാലുപേർക്കിരിക്കാവുന്ന സെസ്‌ന-180 എന്ന ചെറുവിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്.
ജക്കൂർ എയർഫീൽഡിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ വിമാനം തകർന്നുവീഴുകയായിരുന്നു. എതിരെയുള്ള കാർഷിക സർവകലാശാലയുടെ ഗാന്ധി കൃഷി വികാസ്കേന്ദ്രം കാമ്പസിലാണ് വിമാനം വീണത്. മലയാളിയായ പൈലറ്റ് ജോയ്‌ഫിലിപ്പ് (28), സൗന്ദര്യയുടെ സഹോദരൻ അമർനാഥ് ഷെട്ടി (34), പ്രാദേശിക ബിജെപി നേതാവ് രമേഷ്‌കാദം (30) എന്നിവരാണ് അന്നത്തെ അപകടത്തിൽ മരിച്ച മറ്റുള്ളവർ.