“ധനുഷിന്റെ സിനിമയിൽ അഭിനയിക്കാൻ അഡ്‌ജസ്‌റ്റ്മെന്റുകൾ വേണ്ടിവരുമെന്ന് പറഞ്ഞു”; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി നടി മന്യ

','

' ); } ?>

കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി തമിഴ് സീരിയൽ നടി മന്യ ആനന്ദ്. നടൻ ധനുഷിൻ്റെ മാനേജരാണെന്ന് പറഞ്ഞ് ശ്രേയസ് എന്നയാൾ ധനുഷിന്റെ സിനിമയിൽ അഭിനയിക്കാൻ അഡ്‌ജസ്‌റ്റ്മെന്റുകൾ വേണ്ടിവരുമെന്ന് പറഞ്ഞെന്ന് മന്യ പറഞ്ഞു. വിളിച്ചത് യഥാർത്ഥ മാനേജർ തന്നെയാണോ എന്ന് അറിയില്ലെന്നും, സമീപനം ശരിയല്ലാത്തതിനാൽ ആ ഓഫർ നിരസിച്ചെന്നും മന്യ കൂട്ടിച്ചേർത്തു. തമിഴിലെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ധനുഷിൻ്റെ ടീമിലെ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ശ്രേയസ് എന്നൊരാൾ എനിക്ക് ആദ്യം മെസജ് അയച്ചത്. ഒരു സ്ക്രിപ്റ്റ് ഉണ്ട്, നിങ്ങൾ അഭിനയിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചു. എന്റെ ഡിമാന്റുകൾ എന്തൊക്കെയാണ് എന്നും ചോദിച്ചു. അമിത ഗ്ലാമറസോ പ്രണയരംഗങ്ങളോ ഉണ്ടെങ്കിൽ അഭിനയിക്കാൻ ബുദ്ധിമുട്ടാണെന്ന് ഞാൻ പറഞ്ഞു. കഥാപാത്രത്തിന് പ്രാധാന്യമുണ്ടെങ്കിൽ അഭിനയിക്കുമെന്നും അറിയിച്ചു. ഒരു ധനുഷ് ചിത്രമാണെങ്കിൽ പോലും നിങ്ങൾ ചെയ്യില്ലേ എന്ന് അയാൾ ചോദിച്ചു. നായകനുമായി ഒരു കമ്മിറ്റ്മെന്റ് ഉണ്ടായിരിക്കണമെന്നും അയാൾ പറഞ്ഞു. അപ്പോൾ തന്നെ ഞാൻ ആ ഓഫർ നിരസിച്ചു.” മന്യ പറഞ്ഞു.

“കുറച്ച് ദിവസങ്ങൾക്ക് ശേഷം ധനുഷിൻ്റെ മാനേജർ ആണെന്ന് അവകാശപ്പെട്ട് മറ്റൊരാൾ സമാനമായ ഓഫറുമായി എന്നെ ബന്ധപ്പെട്ടു. താൻ സ്ക്രിപ്റ്റ് അയച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു. അങ്ങനെയൊരു സ്ക്രിപ്റ്റും എനിക്ക് കിട്ടിയിരുന്നില്ല. വിളിക്കുന്നത് യഥാർത്ഥ മാനേജർമാരാണോ അതോ തട്ടിപ്പുകാരാണോ എന്ന് എനിക്ക് അറിയില്ല. ഒരു സഹനടനോട് ഈ അനുഭവം പങ്കുവച്ചപ്പോൾ, ധനുഷിൻ്റെ അറിവില്ലാതെയാകും ഇതൊക്കെ സംഭവിക്കുന്നത് എന്ന് പറഞ്ഞു. ഇത് വ്യാജമാണെങ്കിൽ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം. എൻ്റെ വെളിപ്പെടുത്തൽ അതിന് സഹായകമാകും എന്ന് കരുതുന്നു.” മന്യ കൂട്ടിച്ചേർത്തു.

അതേസമയം മന്യ ആനന്ദിൻ്റെ വെളിപ്പെടുത്തലുകളിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയും സജീവമാണ്. തന്റെ പേര് ഉപയോഗിച്ച് തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് ധനുഷിന്റെ മാനേജർ ശ്രേയസ് മാസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നതായി ചിലർ ചൂണ്ടിക്കാട്ടി. തട്ടിപ്പുകാരാകാം മന്യയെ വിളിച്ചത് എന്നും അഭിപ്രായം ഉയരുന്നുണ്ട്.