
താൻ കണ്ടതിൽ വെച്ച് ഏറ്റവും കൂളായ മനുഷ്യനും, നല്ലൊരു മകനുമാണ് പ്രണവ് മോഹൻലാലെന്ന് തുറന്നു പറഞ്ഞ് നടി ജയ കുറുപ്പ്. ‘ആദ്യമൊക്കെ പ്രണവിന്റെ ഈ സ്വഭാവം അഭിനയമാണോ എന്ന് തോന്നിയിരുന്നെന്നും, പിന്നീട് പ്രണവ് അഭിനയിക്കുകയല്ല എന്ന് മനസ്സിലായെന്നും’ ജയ കുറിപ്പ് പറഞ്ഞു. കൂടാതെ മോഹൻലാലിനെ കണ്ടപ്പോൾ കൈകൂപ്പിപോയെന്നും, അദ്ദേഹത്തിന്റെ ചൈതന്യം കണ്ടപ്പോൾ അങ്ങനെ ചെയ്തുപോയതാണെന്നും അവർ കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
“ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂളായ മനുഷ്യനും, നല്ലൊരു മകനുമാണ് പ്രണവ് മോഹൻലാൽ. ഒരു താര ജാഡയുമില്ലാതെ നമുക്കൊരു മകനെപ്പോലെ ഫീൽ ചെയ്യും. സെറ്റിൽ ഭക്ഷണം കഴിക്കാനൊക്കെ പോയിരുന്നാൽ ചേച്ചിയിരിക്ക് എന്നൊക്കെ പറഞ്ഞ് സീറ്റൊക്കെ ഒഴിഞ്ഞ് തരും. എല്ലാവരെയും പോലെ ഭക്ഷണമൊക്കെ വാങ്ങാൻ വന്നിരിക്കുമ്പോൾ നമ്മൾ കരുതും ഇത്രയും വിനയമൊക്കെ ആള് കാണിക്കാൻ വേണ്ടി ചെയ്യുന്നതാണോ, അതോ ആള് ഇങ്ങനെ തന്നെയാണന്നോ എന്നൊക്കെ. പിന്നെ എനിക്ക് മനസിലായി ആള് അതാരെയും കാണിക്കാൻ വേണ്ടി ചെയ്യുന്നതല്ല. അവനങ്ങനെ തന്നെയാണെന്ന്”. ജയ കുറുപ്പ് പറഞ്ഞു.
“അതുപോലെ തന്നെ മോഹൻലാലിനെ കണ്ടപ്പോൾ അറിയാതെ ഞാൻ കൈകൂപ്പി പോയി. അത്രയ്‌ക്കൊരു തേജസ്സുണ്ടായിരുന്നു. ഞാൻ കൈകൂപ്പിയപ്പോൾ അദ്ദേഹവും കൈകൂപ്പി. പിന്നെ എന്നെ കാണുമ്പോഴൊക്കെ കൈകൂപ്പും. സത്യൻ സാറിങ്ങനെ എന്നെ നോക്കുന്നുണ്ടായിരുന്നു, ഇവരെന്താ ഈ കാണിക്കുന്നേ എന്ന പോലെ. ഞാൻ ലലേട്ടാന്നായിരുന്നു വിളിച്ചോണ്ടിരുന്നത്. പക്ഷെ അദ്ദേഹത്തെ കണ്ടപ്പോൾ ലാൽ സാർ എന്ന് വിളിക്കാനാ തോന്നിയത്. ഒരു ദിവസം ക്യാമറമാൻ നിവിൻ അദ്ദേഹത്തിനോട് കൈകൂപ്പിയപ്പോൾ ചേച്ചിയെവിടെ, ഇന്ന് കൈകൂപ്പാൻ കണ്ടില്ലല്ലോ എന്ന് പറഞ്ഞൂന്ന് പറഞ്ഞു. അതൊക്കെ വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്.” ജയ കുറുപ്പ് കൂട്ടിച്ചേർത്തു.
പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ ‘ഡീസ് ഇറേ’മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. രാഹുൽ സദാശിവം സംവിധാനം ചെയ്ത ചിത്രത്തിൽ “എൽസമ്മ” എന്ന കഥാപാത്രത്തെയാണ് ജയ കുറുപ്പ് അവതരിപ്പിച്ചത്. നാടകങ്ങളിലൂടെയാണ് ജയ സിനിമയിലേക്കെത്തുന്നത്. “വീക്കൻഡ് ബ്ലോക്ക് ബസ്റ്റെർസ്, സാജൻ ബേക്കറി സിൻസ് 1962 , അയൽവാശി, സൂക്ഷ്മദർശിനി, പൊന്മാൻ, ഉള്ളൊഴുക്ക്, ക്രിസ്റ്റി, മലയൻ കുഞ്ഞ്, പാൽത്തു ജൻവാർ, കൊണ്ടൽ” എന്നീ ചിത്രങ്ങളിലൊക്കെയും ശ്രദ്ധേയമായ വേഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.