വിജയ് സേതുപതിക്കെതിരെ വിമര്‍ശനവുമായി നടി ഗായത്രി രഘുറാം

വിജയ് സേതുപതിയ്‌ക്കെതിരെ നടി ഗായത്രി രഘുറാം. മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ വിജയ് സേതുപതി ദൈവ വിശ്വാസത്തെ കുറിച്ച് സംസാരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ വിജയ് സേതുപതിയുടെ കാഴ്ചപ്പാടിനോട് തനിക്ക് യോജിക്കാന്‍ സാധിക്കില്ല എന്നാണ് ട്വിറ്ററില്‍ ഗായത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിജയ് സേതുപതിയുടെ വാക്കുകള്‍ കേട്ട് കൊണ്ട് ആരും ദൈവത്തെയോ ആള്‍ദൈവങ്ങളെയോ അവിശ്വസിക്കില്ല എന്ന് നടി വ്യക്തമാക്കി. അവിശ്വാസികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പുകഴ്ത്തി പാടുമായിരിക്കുമെന്നും എന്നാല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കേള്‍ക്കുവനായി നിങ്ങള്‍ മതപ്രഭാഷകരെ അക്രമിക്കരുത് എന്ന് ഗായത്രി ട്വിറ്ററില്‍ കുറിച്ചു. എന്തിനെയും കുറിച്ച് പറയുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന അദ്ദേഹത്തിനും നല്‍കുന്നുണ്ടെന്നും ഗായത്രി പറയുന്നു.

ദൈവത്തെ രക്ഷിക്കാനാണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വസിക്കരുതെന്നുമായിരുന്നു സേതുപതി പറഞ്ഞത്. ദൈവം മുകളിലാണ് മനുഷ്യനാണ് ഭൂമിയിലിരിക്കുന്നത്, മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യര്‍ക്ക് മാത്രമാണ് കഴിയുകയെന്നും പറയുന്നു. ഇത് മനുഷ്യര്‍ ജീവിക്കുന്ന ഇടമാണ്, സന്തോഷത്തോടെ സ്‌നേഹത്തോടെ സാഹോദര്യത്തോടെ മനുഷ്യര്‍ ഇവിടെ ജീവിക്കണമെന്നും ദൈവത്തിനും മനുഷ്യര്‍ക്കും മതം ആവശ്യമില്ലെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗായത്രി രംഗത്തെത്തിയത്.