“25 വർഷത്തിനു ശേഷം സിനിമ ചെയ്തിരിക്കുന്നു”; സന്തോഷം പങ്കുവെച്ച് ചിപ്പി

','

' ); } ?>

നീണ്ട 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരികെയെത്തുന്ന സന്തോഷം പങ്കുവെച്ച് നടി ചിപ്പി രഞ്ജിത്ത്. തന്റെ സോഷ്യൽ  മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചിപ്പിയുടെ പ്രതികരണം. നിർമാതാക്കളായ ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി രേഖപ്പെടുത്തിയ ചിപ്പി, നായികയായി അരങ്ങേറുന്ന വിസ്മയയ്ക്ക് ആശംസകളും നേർന്നു.

“25 വർഷത്തിനു ശേഷം സിനിമ ചെയ്തിരിക്കുന്നു. ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി. വിസ്മയയ്ക്ക് എല്ലാ ആശംസകളും.” ചിപ്പി കുറിച്ചു.

ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് ചിപ്പിയുടെ ശക്തമായ തിരിച്ചുവരവ്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, വിസ്മയയുടെ അമ്മയുടെ വേഷത്തിലാണ് ചിപ്പി എത്തുന്നത്. ചിത്രത്തിലെ ‘തളിരോമലേ’ എന്ന ഹിറ്റ് ഗാനരംഗത്തിൽ വിസ്മയയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ട ചിപ്പിയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

2000-ൽ പുറത്തിറങ്ങിയ ‘കാറ്റുവന്നു വിളിച്ചപ്പോൾ’ എന്ന ചിത്രത്തിലാണ് ചിപ്പി അവസാനമായി അഭിനയിച്ചത്. അതിനുശേഷം സിനിമയിൽ നിന്ന് മാറിനിന്ന താരം ടെലിവിഷൻ രംഗത്ത് നിർമാതാവായും നടിയായും സജീവമായിരുന്നു. ചിപ്പിയുടെ വരവോടെ താരം ഇനി വെള്ളിത്തിരയിൽ തുടർച്ചയായി ഉണ്ടാകണമെന്നാണ് ആരാധകരുടെ ആഗ്രഹം.

അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിൽ വിസ്മയയ്ക്കൊപ്പം മോഹൻലാലും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ആന്റണിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. മമ്മൂട്ടി, ദുൽഖർ സൽമാൻ, പ്രിയദർശൻ തുടങ്ങി സിനിമാരംഗത്തെ പ്രമുഖരെല്ലാം വിസ്മയയുടെയും ആഷിഷിന്റെയും പുതിയ ‘തുടക്ക’ത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.