നടിയെ ആക്രമിച്ച കേസ് വിചാരണക്കുള്ള സ്‌റ്റേ ഈ മാസം പതിനാറ് വരെ നീട്ടി. കോവിഡ് ബാധയെത്തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് അടച്ചതിനെ തുടര്‍ന്നാണ് സ്‌റ്റേ നീട്ടിയത്. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ വിചാരണകോടതി പക്ഷാപാതപരമായി ഇടപെടുന്നുവെന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ പരാതി. കേസിലെ പല വസ്തുതകളും കോടതി രേഖപ്പെടുത്തിയിട്ടില്ല എന്നതടക്കമുള്ള പരാതികളാണ് അക്രമിക്കപ്പെട്ട നടി ഉന്നയിച്ചിരിക്കുന്നത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ അണുവിമുക്തമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ വിചാരണ കോടതിമാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് നീട്ടിവെക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്.