
ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവന നിർമാണ പങ്കാളിയാകുന്ന ആദ്യ ചിത്രമായ ‘അനോമി’ തിയേറ്ററുകളിലേക്ക് എത്തുന്നു. നവാഗതനായ റിയാസ് മാരാത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ ഭാവനയും റഹമാനുമാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
പ്രശസ്ത സംഗീത സംവിധായകൻ ഹർഷവർദ്ധൻ രമേശ്വർ ആദ്യമായി മലയാള സിനിമയിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനിമൽ, കബീർ സിംഗ്, അർജുൻ റെഡ്ഡി എന്നീ ഹിറ്റുകൾക്കു പിന്നിൽ നിന്ന സംഗീതസംവിധായകൻ കൂടിയാണ് ഹർഷവർദ്ധൻ. കഴിഞ്ഞ വർഷത്തെ മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ, ഐ ഐ എഫ് എ അവാർഡുകൾ സ്വന്തമാക്കിയതും അദ്ദേഹമാണ്.
ഡോ. റോയ് സി ജെ (കോൺഫിഡൻ്റ് ഗ്രൂപ്പ്), ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരാണ് ഭാവന ഫിലിം പ്രൊഡക്ഷൻസിനൊപ്പം ചേർന്ന് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ പുറത്തിറക്കി. സാങ്കേതികമായി വൈവിധ്യമാർന്നതും ബിഗ് ബജറ്റും കൂടിയായ അനോമിയിൽ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും വേഷമിടുന്നു.
ധ്രുവങ്ങൾ പതിനാറ്, ഡിയർ കോമ്രേഡ് എന്നിവയിലൂടെ ശ്രദ്ധ നേടിയ സുജിത്ത് സാരംഗാണ് ഛായാഗൃഹണം നിർവഹിക്കുന്നത്. JD (ഗ്യാങ്സ് ഓഫ് വസേപ്പൂർ, ഹൈദർ, മുൾക്) കളറിസ്റ്റ്, കിരൺ ദാസ് (രോമാഞ്ചം, റോഷർക്ക്, ജോജി) എഡിറ്റിംഗ്, എഗ്ഗ് വൈറ്റ്, ഡിജി ബ്രിക്സ് വി.എഫ്.എക്സ്, ആക്ഷൻ സന്തോഷ്, തവസി രാജ് ആക്ഷൻ കോറിയോഗ്രഫി, സമീറ സനീഷ് കോസ്റ്റ്യൂം, അരുൺ ജോസ് ആർട്ട്, അമൽ ചന്ദ്രൻ മേക്കപ്പ്, ശ്രീജിത്ത് ചെട്ടിപ്പടി സ്റ്റിൽസ് എന്നിവരും ടീമിൽ ഉൾപ്പെട്ടിരിക്കുന്നു. ഏഴ് ഷെഡ്യൂളുകളിലായി നൂറിൽ അധികം ദിവസങ്ങൾ ചിത്രീകരിച്ച ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻസ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളായിരുന്നു.