
മാനസികാരോഗ്യത്തെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ വിവാദ പരാമർശത്തിന് മറുപടിയുമായി നടിയും അവതാരകയുമായ ജുവൽ മേരി. ‘നമുക്കറിയാത്ത ജീവിതങ്ങൾ തമാശയല്ലെന്നും, അതിനെ നിസാരവത്ക്കരിച്ച് ചിരിക്കുന്നത് വളരെ ആരോഗ്യപരമായ മാനസികാവസ്ഥയായി തോന്നുന്നുമില്ലെന്നും’ ജുവൽ മേരി പറഞ്ഞു. തന്റെ സോക്കറിൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“എല്ലായ്പ്പോഴും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, നമ്മുടെ വീട്ടിൽ പട്ടിണിയില്ലെന്നുകരുതി മറ്റൊരാളുടെ വീട്ടിൽ പട്ടിണിയുണ്ടെന്ന് പറയുമ്പോൾ അതൊരു തമാശയല്ല. നമുക്കറിയാത്ത ജീവിതങ്ങൾ തമാശയല്ല. മാനസികാരോഗ്യം തമാശയല്ല. അതിനെ നിസാരവത്ക്കരിച്ച് ചിരിക്കുന്നത് വളരെ ആരോഗ്യപരമായ മാനസികാവസ്ഥയായി തോന്നുന്നുമില്ല. ദയവുചെയ്ത് മറ്റുമനുഷ്യരെ നിരുത്സാഹപ്പെടുത്തരുത്. മറ്റുമനുഷ്യരുടെ വേദനകളെയോ ജീവിതാവസ്ഥകളെയോ തള്ളാതെ അവരെ പിന്തുണയ്ക്കുകയാണ് വേണ്ടത്. സ്നേഹത്തോടെ അവരെ ചേർത്തുപിടിക്കാൻ ശ്രമിക്കണം. എല്ലാ മനുഷ്യർക്കും സഹാനുഭൂതി എന്ന വാക്കിൻ്റെ അർത്ഥം മനസിലാക്കാൻ കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു”. ജുവൽ മേരി പറഞ്ഞു
“അതിഭീകരമായ മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരുണ്ട്. പണിയില്ലാത്തവർക്കല്ല ഡിപ്രഷൻ വരുന്നത്. ലോകപ്രശസ്തനായ ഒളിമ്പ്യൻ, നീന്തൽ താരം മൈക്കൽ ഫെൽപ്സ് കഴിഞ്ഞ കുറേ വർഷങ്ങളായി വിഷാദരോഗത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ്. അത് അദ്ദേഹത്തിന് പണിയില്ലാതിരുന്നിട്ടാണോ?പണിയില്ലാതിരിക്കുന്നവർക്കല്ല ഇതൊന്നും വരുന്നത്. ഇതിൻ്റെയെല്ലാം ഇടയിലും എവിടെയൊക്കെയോ മനസിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോൾ പല മനുഷ്യരും പലതരത്തിലുള്ള ലക്ഷണങ്ങളും വേദനയുമാണ് പ്രകടിപ്പിക്കാറ്. പല രീതിയിലാണവർ അത് അനുഭവിക്കുന്നത്. കുറച്ചേ ആയിട്ടുള്ളൂ മനുഷ്യർ ഇതെല്ലാം പറയാൻ തുടങ്ങിയിട്ട്. അതുകൊണ്ടാണ് നിങ്ങൾ ഇപ്പോൾ ഈ വാക്കുകൾ കേട്ടുതുടങ്ങുന്നത്. വളരെ കുറച്ചേ ആയിട്ടുള്ളൂ സമൂഹം അതിൻ്റെ മുറിവുകളിൽനിന്ന് പുറത്തുവന്നിട്ട്. മാനസികാരോഗ്യത്തെ ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമായി ഉൾക്കൊണ്ട്, അതിനുവേണ്ടി സംസാരിക്കാനും പോരാടാനും തുടങ്ങിയത് ഇപ്പോഴാണ്”. ജുവൽ മേരി കൂട്ടിച്ചേർത്തു.
നേരത്തേ സാനിയ അയ്യപ്പൻ, ഗായിക അഞ്ജു ജോസഫ് എന്നിവരടക്കം കൃഷ്ണപ്രഭ പറഞ്ഞ കാര്യങ്ങളിലെ വസ്തുതക്കേട് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു. പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷന്, മൂഡ് സ്വിങ്സ് എന്നൊക്കെ പറയുന്നത് എന്നായിരുന്നു കൃഷ്ണ പ്രഭയുടെ പരാമർശം. എസ് 27 എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വിവാദ പരാമർശം. സിനിമ മേഖലയിൽ നിന്നുള്ളവർ പോലും താരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കൃഷണ പ്രഭയെ പോലുള്ളവരുടെ ഇത്തരം അഭിപ്രായങ്ങൾ കാരണമാണ് പലരും ഡിപ്രഷൻ എന്ന അവസ്ഥയ്ക്ക് ചികിത്സ തേടാത്തതെന്നും അറിയാത്ത വിഷയത്തെക്കുറിച്ച് ഇത്തരം വിവരക്കേടുകൾ വിളിച്ച് പറയുന്നതിന് മുൻപ് ചിന്തിക്കണമെന്നും തുടങ്ങി നിരവധി പേർ വിമർശനം അറിയിച്ചിട്ടുണ്ട്. ജോലിയും കൂലിയും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്നവർക്ക് മാത്രമല്ല ഈ ഡിപ്രെഷൻ ഉണ്ടാകുന്നതെന്നും വിമർശനങ്ങൾ ഉണ്ട്.