
തന്റെ പേരും ചിത്രങ്ങളുമുപയോഗിച്ച് ഫോട്ടോഗ്രാഫർമാർക്ക് സന്ദേശമയക്കുന്ന വ്യക്തിയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി നടി അദിതി റാവു ഹൈദരി. ഫോട്ടോഷൂട്ടുകളുമായി ബന്ധപ്പെട്ട് ഈ വ്യക്തിയിൽ നിന്ന് എന്തെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കിൽ, തന്റെ ടീമുമായി ബന്ധപ്പെടാൻ അദിതി തന്റെ ഫോളോവെർസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“എല്ലാവർക്കും നമസ്കാരം, ഇന്ന് കുറച്ചുപേർ എന്റെ ശ്രദ്ധയിൽപ്പെടുത്തിയ ഒരു കാര്യം സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരാൾ വാട്ട്സ്ആപ്പിൽ എന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ഞാനാണെന്ന് നടിച്ച് ഫോട്ടോഷൂട്ടുകളെക്കുറിച്ച് ഫോട്ടോഗ്രാഫർമാർക്ക് സന്ദേശമയക്കുന്നുണ്ട്. അത് ഞാനല്ല. ഞാൻ ഇങ്ങനെ ആരെയും സമീപിക്കാറില്ല, ജോലിക്കായി ഞാൻ വ്യക്തിപരമായ നമ്പറുകൾ ഉപയോഗിക്കാറുമില്ല. എല്ലാ കാര്യങ്ങളും എപ്പോഴും എന്റെ ടീം വഴിയാണ് നടക്കുന്നത്.” അദിതി കുറിച്ചു.
“ദയവായി ശ്രദ്ധിക്കുക, ആ നമ്പറുമായി ബന്ധപ്പെടരുത്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ, എന്റെ ടീമിനെ അറിയിക്കുക. എനിക്ക് പിന്തുണ നൽകുകയും എന്നെ സംരക്ഷിക്കുകയും ദയ കാണിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി.” അദിതി കൂട്ടിച്ചേർത്തു.
ഹിന്ദി ചിത്രമായ ‘പരിവാരിക് മനു രഞ്ജൻ’, നിശ്ശബ്ദ ചിത്രമായ ‘ഗാന്ധി ടോക്ക്സ്’ എന്നിവയാണ് അദിതിയുടേതായി ഇനി വരാനിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ, ‘ലയണസ്’ എന്ന ചിത്രത്തിലും. ഇംതിയാസ് അലിയുടെ നെറ്റ്ഫ്ലിക്സ് സീരീസായ ‘ഓ സാഥി രേ’യിലും അദിതി ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ആരിഫ് അലി സംവിധാനം ചെയ്യുന്ന ഈ ഷോയിൽ അവിനാഷ് തിവാരി, അർജുൻ രാംപാൽ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.
നിലവിൽ രാജേഷ് എം. സെൽവ സംവിധാനം ചെയ്യുന്ന പേരിടാത്ത ഒരു പ്രോജക്റ്റിന്റെ ഷൂട്ടിംഗിലാണ് അദിതി. സഞ്ജയ് ലീല ബൻസാലിയുടെ ‘ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ’ എന്ന നെറ്റ്ഫ്ലിക്സ് സീരീസിലാണ് അവർ അവസാനമായി അഭിനയിച്ചത്. നെറ്റ്ഫ്ലിക്സ് ഈ ഷോയുടെ രണ്ടാം സീസണും പ്രഖ്യാപിച്ചിട്ടുണ്ട്.